പാലക്കാട്: കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനായി കഞ്ചിക്കോട് കിൻഫ്രാ പാർക്കിൽ ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു. 650 പേരെ കിടത്തി ചികിത്സിക്കാവുന്ന സൗകര്യമാണ് ഇപ്പോൾ തയ്യാറാവുന്നത്. അത്യാവശ്യഘട്ടത്തിൽ 1450 കിടക്കവരെ സജ്ജീകരിക്കാൻ സാധിക്കും.
നേരത്തെ കിറ്റക്സ് കമ്പനി പ്രവർത്തിച്ചിരുന്ന കിൻഫ്ര പാർക്കിലെ ഒരു ലക്ഷത്തി ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ നിർമിക്കുന്നത്. നിലവിൽ കൊവിഡ് കെയർ സെന്‍ററായി ജില്ലാ ആശുപത്രിയും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററായി മാങ്ങാട് കേരള മെഡിക്കൽ കോളജ് ആശുപത്രി, പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്.
തീവ്രപരിചരണം ആവശ്യമുള്ള രോഗികൾ ജില്ലാ ആശുപത്രിയിൽ തുടരുകയും മറ്റ് രോഗികളെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ രോഗവ്യാപനം തുടരുന്ന സാഹചരും കൂടി കണക്കിലെടുത്താണ് അതിർത്തി ജില്ലയായ പാലക്കാട് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നത്.