പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം തെളിഞ്ഞതായി കോടതി. ഇവർക്കുള്ള ശിക്ഷ നാളെ (05.04.23) പ്രഖ്യാപിക്കും. ഒന്നാംപ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാംപ്രതി മരക്കാർ, മൂന്നാംപ്രതി ഷംസുദ്ദീൻ, അഞ്ചാംപ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താംപ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
രണ്ട് പ്രതികളെ വെറുതെ വിട്ടു: പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് ശിക്ഷ. രണ്ടു പ്രതികളെ വെറുതെ വിട്ടു. നാലാംപ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്‌ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്. വിധി വരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. മധുവിന്‍റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, പട്ടികവർഗ അതിക്രമം, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. പൂർത്തിയാക്കിയ കേസിൽ വിധി പറയാനായി മൂന്നുതവണ നീട്ടിയ ശേഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകൻ മധു എന്ന മുപ്പതുകാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മധുവിനെ കള്ളനെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മർദ്ദിച്ചത്.
മധു കൊല്ലപ്പെട്ടത് അക്രമണത്തില്‍ ഏറ്റ പരിക്ക് മൂലം: തുടർന്ന് പൊലീസ് എത്തി മധുവിനെ കസ്‌റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിൽ ഏറ്റ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടത് എന്നാണ് പ്രോസിക്യൂഷൻ കേസ്.
മധുവിനെ പിടികൂടുന്നതിന്റെയും മർദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ ഹാജരാക്കി. സംഭവം നടന്ന് നാലുവർഷം ആയിട്ടും വിചാരണ തുടങ്ങാത്തതിൽ മധുവിന്‍റെ അമ്മ 2022ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രണ്ട് അഭിഭാഷകർക്ക് ചുമതല നൽകിയെങ്കിലും അവർ കേസ് ഏറ്റെടുത്തില്ല. തുടർന്ന് സി രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും നിയമിച്ചതിനു ശേഷമാണ് വിചാരണ തുടങ്ങാനായത്. വിചാരണയുടെ തുടക്കത്തിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് സി രാജേന്ദ്രനെ പ്രോസിക്യൂഷൻ സ്ഥാനത്തു നിന്നും മാറ്റി രാജേഷ് എം മേനോനെ നിയമിക്കണമെന്ന മധുവിന്‍റെ അമ്മയുടെ ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നു.
പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്‌ജി കെ എസ് മധുവാണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്. അദ്ദേഹം സ്ഥലം മാറിയതിന് തുടർന്ന് നിലവിലെ ജഡ്‌ജി കെഎം രതീഷ് കുമാറാണ് വിധി പറയുക.
also read: മധുവിന്‍റെ കുടുംബത്തെ സംബന്ധിച്ച് ആശ്വാസ വിധി; മന്ത്രി എകെ ശശീന്ദ്രൻ