പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനായി സർക്കാർ സ്പോൺസേഡ് ഭീകരവാദമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോടും വിദ്യാർഥികളോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുണ്ടകളെ വിലക്കെടുത്തു കൊണ്ട് ജനാധിപത്യപരമായ സമരമാർഗങ്ങൾ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപാർട്ടികളെക്കാൾ മുൻപേ പൗരത്വനിയമ ഭേദഗതിക്കെതിരെ സമര രംഗത്ത് വന്നത് വിദ്യാർഥികളാണ്. രണ്ട് മതങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ശ്രമിച്ച സർക്കാരിന്റെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുകയും സി.എ.എ രാജ്യത്തിന്‍റെ ആകെ പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നത് വിദ്യാർഥികളാണെന്നും അതിനാല്‍ തന്നെ വിദ്യാർഥികളെ ശത്രുപക്ഷത്ത് നിർത്തിയാണ് സർക്കാർ നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സമരങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്ന സര്‍ക്കാര്‍ നടപടികൾ അംഗീകരിക്കാനാവില്ലെന്നും കൂടുതൽ സമരമാർഗങ്ങളിലേക്ക് കോൺഗ്രസ് കടന്നുവരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു