പാലക്കാട്: പ്രതിഷേധങ്ങൾക്കിടയിലും ദേശീയപാതയിലെ പന്നിയങ്കരയിൽ ടോൾ പിരിക്കാൻ നീക്കം. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഉടൻ ടോൾ പിരിക്കാനാണ് സാധ്യത. ദേശീയപാതയുടെ പണി 90 ശതമാനം പൂർത്തിയായെന്ന് കാണിച്ച് കരാർ കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഏജൻസിയായ ഐസിടി പരിശോധിച്ച് ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് നൽകും. തുടർന്ന് അതോറിറ്റിയുടെ തിരുവനന്തപുരം റീജണൽ ഓഫീസർ പരിശോധിച്ച ശേഷം പിസിഒഡി (പ്രൊഫഷണൽ കൊമേഴ്‌ഷ്യൽ ഓപ്പറേഷൻ ഡേറ്റ്) സർട്ടിഫിക്കറ്റ് നൽകും. ഇതിന് ശേഷമേ ടോൾ പിരിക്കാൻ അനുമതി നൽകൂ.
ദേശീയപാത അതോറിറ്റിയുടെ നടപടി ക്രമം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം മതിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതിനാൽ ടോൾ പിരിവ് ഏത് സമയത്തും ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അനുവദിക്കില്ല
ഇതിനിടെ ദേശീയപാതയുടെ പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടിൽത്തന്നെയാണ് നാട്ടുകാരും. പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകണമെന്നും ദേശീയപാതയുടെയും സർവീസ് റോഡിന്‍റെയും പണി തീർക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
also read: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനൊരുങ്ങി ബെവ്കോ
പൂർത്തിയായ ഭാഗത്തിന് മാത്രം തുക കണക്കാക്കി ടോൾ പിരിക്കാനും ഉദ്ദേശ്യമുണ്ട്. അങ്ങനെയെങ്കിൽ പണി പൂർത്തിയായ ശേഷം ടോൾ നിരക്ക് കൂട്ടും. ടോൾ പിരിവിന് പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ ജീവനക്കാരും സിഗ്‌നലുമെല്ലാം റെഡിയാണ്. കരാർ കമ്പനിയായ കെഎംസി ടോൾ പിരിക്കാൻ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയിട്ടുണ്ട്.