പാലക്കാട്: വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് പതിനൊന്നാമത് ദേശീയ സമ്മതിദായകദിനം ജനുവരി 25ന് ആചരിക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ആയിരിക്കും ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുക. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക് വോട്ടര്‍മാര്‍ക്കുള്ള പ്രതിജ്ഞ ഓണ്‍ലൈനായി ചൊല്ലിക്കൊടുക്കും.
പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് അട്ടപ്പാടി ബ്ലോക്കിലെ വിദ്യാര്‍ഥികള്‍ക്കായി ഇലക്ടറല്‍ ലിറ്ററസി ക്ലബ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവ സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സമ്മതിദാന ദിനമായ ജനുവരി 25ന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ജനുവരി 25ന് രാവിലെ 9.30 ന് അഗളി ടൗണില്‍ നിന്നും ഗൂളികടവിലേക്ക് വിദ്യാര്‍ഥികള്‍ റാലി നടത്തും. റാലിക്ക് ശേഷം അഗളി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആയിരിക്കും സമ്മാനദാനം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.ഹേമലത സമ്മാനദാനം നിര്‍വഹിക്കും. പ്രസംഗ മത്സരം 'ജനാധിപത്യ വിജയത്തില്‍ വോട്ടവകാശത്തിനുള്ള പങ്ക്' എന്ന വിഷയത്തിലും ചിത്രരചനാമത്സരം 'കൊവിഡ് കാലത്തെ പോളിംഗ് ബൂത്ത്' എന്ന വിഷയത്തിലും ആയിരുന്നു.
കൂടാതെ ഇലക്ഷന്‍ കമ്മിഷന്‍റെ പ്രതിജ്ഞ വീട്ടില്‍ എല്ലാവരും ഒരുമിച്ച് ചൊല്ലിയതിന്റെ വീഡിയോയും അയക്കണം. മികച്ച പ്രകടനം നടത്തിയ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും. ഇലക്ടറല്‍ ലിറ്ററസി ക്ലബ് നോഡല്‍ ഓഫീസറും മാസ്റ്റര്‍ ട്രെയിനറുമായ ടി. സത്യന്‍, കമ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ ജോസഫ് ആന്‍റണി, സിസിലി സെബാസ്റ്റ്യന്‍, ശ്രീജ എന്നിവര്‍ അട്ടപ്പാടിയിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സമ്മതിദാന ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ താലൂക്കുകളിലും ദിനാചരണം നടത്തും. ജില്ലയിലെ കന്നി വോട്ടര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തഹസില്‍ദാര്‍മാര്‍ ഇ - വോട്ടര്‍ കാര്‍ഡ് നല്‍കും.
തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പിഡിഎഫ് രൂപമാണ് ഇ - വോട്ടര്‍ കാര്‍ഡ് അഥവാ ഇ - എപ്പിക്. ഇത് മൊബൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ കമ്പ്യൂട്ടറില്‍ നിന്നും പ്രിന്‍റ് എടുക്കുകയോ ചെയ്യാം. വോട്ടര്‍ക്ക് ഇത് മൊബൈലില്‍ സൂക്ഷിക്കുകയും ഡിജിലോക്കറിലോ പ്രിന്‍റ് എടുത്തോ സ്വന്തമായി ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യാം.
സമ്മതിദാന ദിനമായ ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ കാര്‍ഡ് പുറത്തിറക്കും. ഒന്നാംഘട്ടത്തില്‍ ജനുവരി 25 മുതല്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്ത വോട്ടര്‍മാര്‍ക്കും ഫെബ്രുവരി ഒന്നു മുതല്‍ എല്ലാ വോട്ടര്‍മാര്‍ക്കും ഇ - വോട്ടര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.