പാലക്കാട്: നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച വയോധികന്‍റെ കൊവിഡ് പരിശോധനാ ഫലത്തിൽ വൈരുധ്യമെന്ന് പരാതി. നല്ലേപ്പിള്ളി തെക്കുമുറി ആലിക്കല്‍ വീട്ടില്‍ കെ ശിവകുമാറാണ് പരിശോധനാ ഫലം അറിയിച്ചതില്‍ ഉണ്ടായ വീഴ്‌ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റിക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ ഞായറാഴ്‌ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവകുമാറിന്‍റെ സഹോദരന്‍ മണിയെ (60) ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്‌ച നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം ചന്ദ്രനഗര്‍ വൈദ്യുതി ശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മൃതദേഹം കാണുവാനോ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിച്ചില്ല.
എന്നാല്‍ ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവാണെന്ന് ഫോണില്‍ സന്ദേശം വന്നു. ഇതോടെ കുടുംബത്തിന് മാനസിക വിഷമം ഇരട്ടിച്ചു. ഈ വിവരം ജില്ലാ കൊവിഡ് സെല്ലിലും നല്ലേപ്പിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അറിയിച്ചെങ്കിലും അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയില്ല. തുടർന്നാണ് ശിവകുമാര്‍ പരാതിയില്‍ നൽകിയത്.