പാലക്കാട്: പ്രശസ്ത കവിയത്രിയും സാമൂഹിക പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ വനം വകുപ്പും കേരള സാഹിത്യ അക്കാദമിയും സ്മരണാഞ്ജലികളർപ്പിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ. കേശവൻ ഐഎഫ്എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് ഡോ. ഖദീജ മുംതാസ് ഛായാചിത്ര അനാച്ഛാദനം നിർവഹിച്ചു.
സുഗതകുമാരിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന വീഡിയോയുടെ പ്രകാശനം സുരേന്ദ്രകുമാർ ഐഎഫ്എസ് നടത്തി.റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങി ഇരുപതോളം കവികൾ ചടങ്ങിൽ പങ്കെടുത്തു.
പ്രാക്തന ആദിവാസി ഗോത്ര വിഭാഗമായ കുറുമ്പരിലെ യുവതീ യുവാക്കൾക്കായി തനതു പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനായി 'ഉണർവ്' എന്ന സംഘടന രൂപീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സൗജന്യ പിഎസ്‌സി പരിശീലനം, തൊഴിൽ നൈപുണി പരിശീലനം, വായനശാല, കലാ-കായിക-സാംസ്ക്കാരിക പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നുണ്ട്. ഈ കേന്ദ്രം സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം പുനർനാമകരണം നടത്തി. ഇവിടെ സുഗതകുമാരി ടീച്ചർ റീഡിംഗ് കോർണർ ആരംഭിച്ചു.
ചടങ്ങുകൾക്ക് ശേഷം ഇരുപത് കവികൾക്കായി വനം വകുപ്പ് വനായന യാത്ര സംഘടിപ്പിച്ചു. സുഗതകുമാരി ടീച്ചറുടെ ഓർമ്മകൾ നിൽക്കുന്ന ഭൂമികയിലൂടെ നടത്തിയ വനയാത്ര വേറിട്ട അനുഭവമായിരുന്നെന്ന് കവികൾ പറഞ്ഞു.