പാലക്കാട് : അമ്പലപ്പാറയിൽ ഒരു രൂപയ്ക്ക് തണുത്ത വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം പ്രവർത്തനം തുടങ്ങി. അമ്പലപ്പാറ സെൻ്ററിലെ ടേക് എ ബ്രേക്ക് കേന്ദ്രത്തിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം കെ പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി വിജയലക്ഷ്മി അധ്യക്ഷയായി.
പഞ്ചായത്തിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 3.95 ലക്ഷം രൂപയും പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ചിന്‍റെ ഒരു ലക്ഷം ചെലവഴിച്ചാണ് എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപ കോയിൻ നിക്ഷേപിച്ചാൽ അഞ്ച് ലിറ്റർ വെള്ളം ലഭിക്കുന്ന സംവിധാനമാണ് എ.ടി.എമ്മിലുള്ളത്. കുടിവെള്ളം ആവശ്യമുള്ളവർ കുപ്പിയുമായെത്തണം.
ജല അതോറിറ്റിയുടെ വെള്ളവും കെട്ടിടത്തിലെ ബോർവെലിൽ നിന്നുമുള്ള ശുദ്ധജലവുമാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. 500 ലിറ്റർ സംഭരണ ശേഷിയുള്ള കിയോസ്‌കിൽ നിന്നും റിവേഴ്‌സ് ഓസ്‌മോസിസ്, യു.വി ലൈറ്റ് എന്നീ പ്രക്രിയകളിലൂടെ അണുവിമുക്തമാക്കിയ ശേഷമാണ് വെള്ളം ഓട്ടോമാറ്റിക്കായി ജനങ്ങളുടെ കൈകളിലേക്കെത്തുന്നത്. സർക്കാർ അംഗീകൃത ഏജൻസിയായ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല.
ജില്ല പഞ്ചായത്ത് അംഗം പ്രീത മോഹൻദാസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ രാധാകൃഷ്ണൻ, അംഗം പി സുരേഷ് മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി ശശികുമാർ, സ്ഥിരം സമിതി അധ്യക്ഷൻ പി മുഹമ്മദ് കാസിം, അമ്പലപ്പാറ പഞ്ചായത്ത് അംഗം പി.യു വിനിത, പഞ്ചായത്ത് സെക്രട്ടറി എം ഹരികൃഷ്ണൻ, ബാങ്ക് മാനേജർ കിഷോർ എന്നിവർ സംസാരിച്ചു.