പാലക്കാട്: അട്ടപ്പാടി പുതൂർ ആലാമര ശ്‌മശാനത്തിലെ ജാതി വിലക്ക് സംബന്ധിച്ച് ഉയർന്ന പരാതികളിന്മേൽ സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മിഷൻ തെളിവെടുപ്പ് നടത്തി. വിവാദ ശ്‌മശാന ഭൂമിയും, ഇതര ജാതിക്കാരുടെ എതിർപ്പിനെ തുടർന്ന് പട്ടികജാതിയിൽ പെട്ട ഒരാളെ അടക്കം ചെയ്‌ത പുറമ്പോക്ക് ഭൂമിയും വനം വകുപ്പിന്‍റെ പരിധിയിൽ വരുന്ന ശ്‌മശാന ഭൂമിയും കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. തുടർന്ന് പുതൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് ബന്ധപ്പെട്ട വകുപ്പുകളുടേയും പരാതിക്കാരുടേയും മൊഴിയെടുത്തു.
അട്ടപ്പാടിയില്‍ ശ്‌മശാനത്തെ ചൊല്ലി തർക്കം: ജാതിവിലക്കെന്ന് ആരോപണം
പുതൂർ ശ്മശാനത്തിൽ പട്ടികജാതി വിഭാഗക്കാരെ വിലക്കിയ സംഭവം ; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു
കമ്മിഷൻ ചെയർമാൻ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബി.എസ്. മാവോജി, കമ്മിഷൻ അംഗങ്ങളായ മുൻ എംപി എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കമ്മിഷൻ സെക്ഷൻ ഓഫീസർ രാജേഷ് പടനിലം, മണ്ണാർക്കാട് തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ കെ. ദാമോദരൻ, പുതൂർ വില്ലേജ് ഓഫീസർ സുനിൽ പി.എസ്, അസി. പട്ടികജാതി ജില്ലാ ഓഫീസർ ശ്രീജ കെ.എസ്, മണ്ണാർക്കാട് എസ്‌സി വകുപ്പ് ഓഫീസർ സെബാസ്റ്റ്യൻ പ്രിൻസ്, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ.എസ്, പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനിൽകുമാർ, പഞ്ചായത്ത് എഇ അനിൽ ടി.വി, എസ്‌സി പ്രമോട്ടർമാരായ മരഗതം, രവികുമാർ എന്നിവർ തെളിവെടുപ്പിൽ ഹാജരായി.