പാലക്കാട്: പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവ് കരാറുകാരനായാല്‍ പഞ്ചായത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വരും. പക്ഷേ ബസ് വരില്ല. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ചീരക്കടവിലാണ് ബസ് റൂട്ട് ഇല്ലാത്ത റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ആദിവാസി മേഖലയില്‍ വീട്, കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം ചെലവാക്കാനില്ലാത്തപ്പോഴാണ് 2,60,000 രൂപ മുടക്കി പഞ്ചായത്ത് ചെലവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. പണി പൂർത്തിയായി മൂന്ന് വർഷം പിന്നിട്ടു. പക്ഷേ കടുത്ത യാത്രാ ദുരിതം നേരിടുന്ന മേഖലയില്‍ ഇനിയും ബസ് റൂട്ട് അനുവദിച്ചിട്ടില്ല.
ബസ് റൂട്ടില്ലാത്ത സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഈ വിഷയം രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിരുന്നു. എന്നാല്‍ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ അനുമതി നല്‍കിയ ഭരണ സമിതിയും പഞ്ചായത്ത് പ്രസിഡന്‍റും ഈ ആരോപണത്തോട് പ്രതികരിച്ചിട്ടിട്ടില്ല. ചീരക്കടവ് ഉൾപ്പെടുന്ന കുന്നം ചാള, പ്ലാമരം, ആലാമരം, തീരക്കടവ് തുടങ്ങിയ ഊരുകളില്‍ 200ല്‍ അധികം കുടുംബങ്ങളുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങാൻ ഇവര്‍ ആശ്രയിക്കുന്നത് താവളം എന്ന പ്രദേശത്തെയാണ്.
ജീപ്പ്, ഓട്ടോ എന്നിവ മാത്രമാണ് ഇവിടത്തുകാരുടെ ആശ്രയം. ജീപ്പിന് 800 രൂപയും ഓട്ടോക്ക് 200-300 രൂപയും നല്‍കി വേണം അവശ്യസാധനങ്ങൾ വാങ്ങാൻ. അതിനാല്‍ തന്നെ രണ്ടോ മൂന്നോ കുടുംബങ്ങള്‍ ചേര്‍ന്ന് മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് പുറത്ത് പോകുന്നത്. യാത്രാ ദുരിതം പരിഹരിക്കാന്‍ പ്രദേശത്തേക്ക് ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. പക്ഷേ പരിഹാരമുണ്ടായില്ല. മഴ നനയാതെ കയറിയിരിക്കാനും ഒഴിവ് സമയങ്ങൾ ചെലവഴിക്കാനുമാണ് കാത്തിരിപ്പ് കേന്ദ്രം നാട്ടുകാർ ഉപയോഗിക്കുന്നത്.