പാലക്കാട് : കെ റെയിലിനെതിരെ പ്രതിഷേധങ്ങള്‍ നടത്തുന്ന ബി.ജെ.പിയെ വെട്ടിലാക്കി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അതിവേഗ റെയിൽ പാത പ്രഖ്യാപിച്ചതിന് പിന്നാലെ, പദ്ധതിയിൽ നിന്നും പാലക്കാടിനെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നാണ് സി കൃഷ്ണകുമാര്‍ പോസ്റ്റിട്ടിരുന്നു.
2020 ജൂൺ 11നാണ് പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ നഗരമായ പാലക്കാടിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും ആർ.സി.സി, ശ്രീചിത്ര ഉൾപ്പടെയുള്ള ആശുപത്രികളിലേക്ക് പോകുന്നവർക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് അതിവേഗ റെയിലെന്നും കൃഷ്ണകുമാർ പോസ്റ്റിൽ പരാമര്‍ശിച്ചിരുന്നു.
Also Read: K Rail | 'ബൃഹദ് പദ്ധതിയുടെ സർവേ തടയാനാകില്ല' ; സാമൂഹികാഘാത പഠനവും തുടരാമെന്ന് സുപ്രീംകോടതി
കഴിഞ്ഞ മന്ത്രിസഭയിൽ ജില്ലയിൽ നിന്നും ഒമ്പത് എം.എൽ.എമാരും രണ്ട് മന്ത്രിമാരും ഇടതുപക്ഷത്തിനുള്ളപ്പോഴാണ് ഈ അവഗണനയെന്നും പോസ്റ്റിൽ വിമർശനമുണ്ട്. കെ റെയിൽ അധികൃതർ സംസ്ഥാനത്താകെ നടത്തുന്ന സർവേയുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകൾ ബി.ജെ.പി പ്രവര്‍ത്തകരും പിഴുതെറിയുമ്പോഴാണ് സംസ്ഥാന നേതാവിന്റെ പഴയ പോസ്റ്റ് ചർച്ചയാകുന്നത്. അതേസമയം കൃഷ്ണകുമാറിന്റെ പോസ്റ്റിനോട് ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല.