പാലക്കാട്: നഗരസഭ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി. സ്‌മിതേഷ്. ഇന്നലെ ചേര്‍ന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് സ്‌മിതേഷ് വിമര്‍ശനവുമായെത്തിയത്. 220 കോടിയുടെ അമൃത് പദ്ധതിയിലെ 150 പദ്ധതികളിൽ 143 എണ്ണവും പൂർത്തിയാക്കിയെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്‌ണദാസ് യോഗത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് സ്‌മിതേഷ് വിമര്‍ശനവുമായെത്തിയത്.
'വികസന നേട്ടങ്ങള്‍ എണ്ണി പറയുമ്പോള്‍ ആത്മവിമര്‍ശനവും ആത്മ പരിശോധനയും നല്ലതാണെന്ന് സ്‌മിതേഷ് പറഞ്ഞു. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നഗരസഭയ്‌ക്ക് വീഴ്‌ചപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരസഭയുടെ സാങ്കേതിക വിഭാഗത്തിന്‍റെ വീഴ്‌ച മൂലം ഏഴ് കോടി രൂപയുടെ പദ്ധതി നഷ്‌ടമാവുകയാണ്. ഇക്കാര്യത്തില്‍ സഹ കൗൺസിലർമാര്‍ തൃപ്‌തരാണെങ്കില്‍ താനും തൃപ്‌തനാണ്. അമൃത് പദ്ധതിയിലൂടെ ആകെ അനുവദിച്ചത് 220 കോടിയാണ്. ഇതിൽ നടപ്പിലായ പദ്ധതികളിൽ 61 ശതമാനവും നമുക്ക് അവകാശപ്പെട്ട നേട്ടമല്ല. 130 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കിയത് ജലവിഭവ വകുപ്പാണ്.
ആറ് കോടി രൂപ റെയിൽവേയ്ക്ക് അടച്ച തുകയാണ്. ഇത് പരിശോധിക്കുമ്പോഴെ നമ്മുടെ പ്രശ്‌നം മനസിലാകൂ. ആരെയും കുറ്റപ്പെടുത്താനോ കുറച്ച് കാണിക്കാനോ അല്ല പറയുന്നത്. ഇത് പഠിച്ച് പരിഹരിച്ച് മുന്നോട്ട് പോയാലെ ശരിയാകൂ. ഇനി മൂന്ന് വർഷം ബാക്കിയുണ്ട്. ഇത് പരിഹരിച്ചാലെ കാലാവധി കഴിഞ്ഞ് ചിരിച്ച് കൊണ്ട് ഇറങ്ങി പോകാനാകൂവെന്നും' സ്‌മിതേഷ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ സിപിഎമ്മും വിമര്‍ശനവുമായെത്തി. വാര്‍ഡിലെ റോഡുകളുടെ നിര്‍മാണം സാങ്കേതിക തടസം കാരണം നിലച്ചിരിക്കുകയാണെന്നും ഇത്തരത്തിലുള്ള 27 റോഡുകളുടെ നിര്‍മാണമാണ് പാതി വഴിയിലായിരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. കൽപ്പാത്തി പുഴ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ അനുവദിച്ച 6 കോടി രൂപ പാഴായി. ഡി.പി.ആറിലെ 20 ശതമാനവും നഗരസഭ നൽകിയ നികുതിപ്പണമാണ്. കൽവാകുളത്തും സുന്ദരം കോളനിയിലും പദ്ധതികൾ ഒന്നുമായില്ല. 150 ൽ140 ഉം പൂർത്തിയാക്കിയെന്ന് പറഞ്ഞാല്‍ പോര, അവയുടെ കണക്ക് നഗരസഭയിൽ വയ്‌ക്കണമെന്നും സിപിഎമും കുറ്റപ്പെടുത്തി.