പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിക്കോ സംഘപരിവാർ സംഘടനകൾക്കോ പങ്കില്ലെന്ന് പാലക്കാട് ബിജെപി ജില്ല അധ്യക്ഷൻ കെ എം ഹരിദാസ് . കൊലപാതകത്തിൽ അന്വേഷണം നടന്നുവരികയാണ്. അന്വേഷണത്തിന് മുമ്പ് തന്നെ ബിജെപി - സംഘപരിവാർ സംഘടനകളുടെ മേൽ കുറ്റം ചാര്‍ത്താനുള്ള പോപുലർ ഫ്രണ്ട് - എസ്‌ഡിപിഐ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിൽ കലാപമുണ്ടാക്കാനാണ് പോപുലർ ഫ്രണ്ട്-എസ് ഡി പി ഐ ശ്രമമെന്നും കെഎം ഹരിദാസ് പറഞ്ഞു. കൊലചെയ്യപ്പെട്ട സുബൈർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊലപാതകശ്രമം ഉൾപെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ്.
ക്വട്ടേഷന്‍ സംഘങ്ങളുമായും സുബൈറിന് ബന്ധമുണ്ട്. പുതുശ്ശേരി കസബ പൊലീസ് സ്റ്റേഷനിലും, പാലക്കാട് ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ സുബൈറിന്‍റെ പേരിലുണ്ട്. രാഷ്ട്രീയ കേസുകൾ അല്ലാതെ നിരവധി ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. 2012ൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൂടിയാണ് സുബൈറെന്നും ഹരിദാസ് ആരോപിച്ചു.
സംഭവം നടന്നയുടൻ വിഷയത്തിൽ പ്രതികരിച്ച സ്ഥലം എംഎൽഎ സ്വന്തം പാർട്ടി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച പ്രതിയെ വെള്ളപൂശാൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. എംഎൽഎ ഇത്തരത്തിൽ നടത്തിയ പ്രസ്‌താവന സിപിഎം പ്രവർത്തകരോടുള്ള വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നത്. ജില്ലയിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണിതെന്നും ബിജെപി ജില്ല അധ്യക്ഷൻ പറഞ്ഞു.
ALSO READ: പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു ; ആക്രമണം പിതാവിനൊപ്പം ബൈക്കില്‍ പോകവേ