പാലക്കാട്: ജില്ലയിലെ മാർക്കറ്റ് പരിസരങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാലക്കാട് സ്ഥിര താമസമാക്കിയ രാജസ്ഥാൻ സ്വദേശി രമേശ് കുമാറിന്‍റെ (38) നൂറണി- വിത്തുണി - മാർക്കറ്റ് റോഡിലുള്ള ജയ് മഹാദേവ് സ്റ്റോർ എന്ന കടയിലും കടയുടെ സമീപത്തുള്ള ഗോഡൗണിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇയാൾ പാലക്കാട് നഗരത്തിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരനാണെന്നാണ് എക്‌സൈസ് നിഗമനം. പ്രതിയും ഇയാളുടെ കടയും ഗോഡൗണും കുറച്ചു ദിവസങ്ങളായി എക്‌സൈസ് ഷാഡോ ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ ചില്ലറ വിപണിയിൽ ആറ് ലക്ഷം രൂപയോളം വിലവരുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിലും പാലക്കാട് ടൗണിലെ സ്‌കൂളുകൾ, കോളജുകൾ, മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഇത്തരം മിന്നൽ പരിശോധനകൾ ശക്തമാകുമെന്ന് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ് അറിയിച്ചു. പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ എ രമേശിന്‍റെ നേതൃത്വത്തിൽ എഇസി സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ എസ് പ്രശോഭും പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ എ ഷൗക്കത്തലിയും സംഘവും സംയുക്തമായാണ് മിന്നൽ പരിശോധന നടത്തിയത്.