പാലക്കാട്: ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. പുതുനഗരം കരുമഞ്ചാല സ്വദേശി ഷംസുദ്ദീനെയാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുതുനഗരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതി സഞ്ചരിച്ച ഓട്ടോയും കൈവശമുണ്ടായിരുന്ന കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വിലവരും. പുതുനഗരം, കൊടുവായൂർ പരിസര ഭാഗങ്ങളിലായി ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് ഷംസുദീൻ. ഇടപാടുകാർക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പൊലീസ് പിടിയിലായത്. പ്രതിക്കെതിരെ നേരത്തെ പുതുനഗരം, കോട്ടായി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ കൊവിഡ് പരിശോധനക്ക് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.