പാലക്കാട്: അട്ടപ്പാടി മലയോര മേഖലയില്‍ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ കാട്ടാന ആക്രമണത്തില്‍ രണ്ട് ജീവനുകളാണ് നഷ്‌ടപ്പെട്ടത്. ഷോളയൂര്‍ പഞ്ചായത്ത് ഊത്തുക്കുഴി ഊരിലെ ലക്ഷ്‌മണന്‍ (46) ആണ് ശനിയാഴ്‌ച പുലര്‍ച്ചെ ഒറ്റയാന്‍റെ മുന്നിലകപ്പെട്ട് കൊല്ലപ്പെട്ടത്. സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്ക് പോകാനായി റോഡിലുടെ നടന്ന് പോകുന്നതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് ഊത്തുകുഴിക്ക് സമീപത്തുള്ള കൃഷിയിടത്തില്‍ കയറിയ ആനയെ വനം വകുപ്പിന്‍റെ ദ്രുത പ്രതികരണ സേനയും നാട്ടുകാരും ചേര്‍ന്ന് തുരത്തിയാണ് തിരികെ കാട്ടിലേക്ക് കയറ്റിയത്.
രണ്ടാഴ്‌ച മുന്‍പ് വരഗാര്‍ പുഴയ്‌ക്ക് സമീപത്ത് വച്ചാണ് ആനയുടെ ആക്രമണത്തില്‍ മുരുകന്‍ (45) കൊല്ലപ്പെട്ടത്. മേലേ ഉമ്മത്താംപടിയില്‍ നിന്നും പട്ടണക്കല്ല് ഊരിലേക്ക് പോകുന്നതിനിടെ പുഴയ്‌ക്ക് സമീപത്തായി വിശ്രമിക്കുന്നതിനിടെയാണ് മുരുകന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്നും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സമീപത്തെ കൃഷിയിടത്തില്‍ കയറിയ കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്.
അട്ടപ്പാടി മേഖലയില്‍ കാട്ടാന ശല്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. വെള്ളി (ഡിസംബര്‍ 2) പാലൂരില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങള്‍ ശ്രമിച്ചിരുന്നു. ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയും ആൻ പാഞ്ഞടുത്തു.
2022ല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറില്‍ അഞ്ച് പേരും പുതൂര്‍ ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ളവരാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചോളം പേര്‍ക്കും കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായി. ഇതില്‍ മിക്കവര്‍ക്കും രാത്രിയിലാണ് അപകടമുണ്ടായത്.
പത്ത് വീടും 600 ഹെക്‌ടറോളം കൃഷിഭൂമിയും ഈ വര്‍ഷം കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. അതേസമയം കാട്ടാന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവും മേഖലയില്‍ ഉയരുന്നുണ്ട്.