പാലക്കാട്: അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കേസിൽ മണ്ണാർക്കാട് എസ്‌സിഎസ്‌ടി പ്രത്യേക കോടതിയിൽ സാക്ഷിവിസ്‌താരം പൂർത്തിയാകുന്നു. കേസിൽ ആകെയുള്ള 122 സാക്ഷികളിൽ അവസാനത്തെ സാക്ഷി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി ശശികുമാറിനെ ചൊവ്വാഴ്‌ച കോടതി വിസ്‌തരിച്ചു. അന്ന് സബ് കലക്‌ടറായിരുന്ന (ഇപ്പോൾ തിരുവനന്തപുരം കലക്‌ടര്‍) ജെറൊമിക് ജോർജിനെ വിസ്‌തരിക്കാനുണ്ട്.
നേരത്തേ ഈ വിസ്‌താരം മാറ്റിവച്ചതായിരുന്നു. വ്യാഴാഴ്‌ച ഇദ്ദേഹത്തെ വിസ്‌തരിക്കും. പ്രതിഭാഗവും പ്രോസിക്യുഷനും ഇനി സാക്ഷികളെ കൂട്ടിചേർത്താൽ മാത്രമേ വിസ്‌തരിക്കേണ്ടതുള്ളൂ. നിലവിൽ അതിന് സാധ്യതയില്ലെന്നാണ് ഇരുഭാഗവും നൽകുന്ന സൂചന.
സാക്ഷി വിസ്‌താരം കഴിഞ്ഞാൽ പ്രതിഭാഗം വിചാരണ ആരംഭിക്കും. ഇരു ഭാഗവും പ്രതികളെ വിചാരണ നടത്തും. കേസിന്‍റെ തുടരന്വേഷണത്തിനാണ് 2020 ജനുവരി 16 ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി ശശികുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയത്. പഴയ സാക്ഷി പട്ടികയിലുള്ളവരും പുതുതായി പട്ടികയിലുള്ള അബ്ബാസ്, ദേവദാസ് എന്നിവരുൾപ്പെടെ മൂന്ന് പേരുടെയും മൊഴി നേരിൽ കണ്ട് രേഖപ്പെടുത്തിയതായി ഡിവൈഎസ്‌പി കോടതിയിൽ പറഞ്ഞു.
തനിക്ക് സ്വയം ബോധ്യപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചാണ് ചോദ്യം ചെയ്‌തത്. സംഭവ സ്ഥലത്തെ മഹസർ റിപ്പോർട്ട് വസ്‌തുനിഷ്‌ഠമായി അന്വേഷിച്ച് തയ്യാറാക്കിയതാണെന്നും ഡിവൈഎസ്‌പി പറഞ്ഞു. തുടർന്ന് പുനർവിചാരണക്കായി ഹാജരായ കേസിലെ 56-ാം സാക്ഷി ഫോട്ടോഗ്രാഫർ ജിൻസണെ വിസ്‌തരിച്ചു.
മധു കേസിലെ 16 പ്രതികളുടെയും ഫോട്ടോ എടുത്തതും മധുവിന്‍റെ ഫോട്ടോ വാട്‌സ്‌ആപ്പ് വഴി ലഭിച്ചതുമാണെന്ന് ജിൻസൺ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ ജിൻസൺ 38-ാമതാണ്. ഫോട്ടോയെടുത്തതും വാട്‌സ്‌ആപ്പ് വഴി ലഭിച്ചതുമായ ഫോട്ടോകളും ഡിവിഡിയും കോടതിയിൽ മാർക്ക് ചെയ്‌തു.
മധു കേസുണ്ടായ 2018ലെ ക്യാമറയും പ്രിന്‍റും മാറ്റി. പുതിയത് വാങ്ങിയിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍റെ ചോദ്യത്തിന് ജിൻസൺ മറുപടി പറഞ്ഞു. മധു കേസിന്‍റെ പിൻഫയൽ സ്പെഷ്യൽ ജില്ല കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്‌ച പ്രോസിക്യൂഷൻ നൽകിയ ഹര്‍ജിയിൽ ബുധനാഴ്‌ച വിധി പറയും.