പാലക്കാട് : അട്ടപ്പാടി ആൾക്കൂട്ട മർദനത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി പറയും. രാവിലെ പതിനൊന്ന് മണിയോടെ മണ്ണാർക്കാട് പട്ടിക ജാതി, പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസിൽ വിധി പ്രസ്‌താവിക്കുക. മധു കൊല്ലപ്പെട്ട കേസിൽ 14 പേർ കുറ്റക്കാരണെന്നും രണ്ട് പേർ കുറ്റക്കാരല്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം പ്രതി മേച്ചേരിയിൽ ഹുസൈൻ, രണ്ടാം പ്രതി കിളയിൽ മരയ്ക്കാർ, മൂന്നാം പ്രതി പൊതുവച്ചോല ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി പൊതുവച്ചോല അബൂബക്കർ, ഏഴാം പ്രതി പടിഞ്ഞാറെ പള്ളിയിൽ കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി തൊട്ടിയിൽ ഉബൈദ്, ഒമ്പതാം പ്രതി വിരുത്തിയിൽ നജീബ്, പത്താം പ്രതി മണ്ണമ്പറ്റ ജൈജു മോൻ, പന്ത്രണ്ടാം പ്രതി പുത്തൻ പുരയ്ക്കൽ സജീവ്, പതിമൂന്നാം പ്രതി മൂരിക്കട സതീഷ്, പതിനാലാം പ്രതി ചരുവിൽ ഹരീഷ്, പതിനഞ്ചാം പ്രതി ചരുവിൽ ബിജു, പതിനാറാം പ്രതി വിരുത്തിയിൽ മുനിർ എന്നിവരെയാണ് പ്രതികളെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്.
നാലാമത്തെ പ്രതി കുന്നത്ത് വീട്ടിൽ അനീഷ്, പതിനൊന്നാം പ്രതി ചോലയിൽ അബ്‌ദുല്‍ കരീം എന്നിവർ കുറ്റക്കാരല്ലെന്നും കോടതി കണ്ടെത്തി. 14 പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം തെളിഞ്ഞതായാണ് കോടതിയുടെ കണ്ടെത്തൽ.
Also Read: മധു വധക്കേസ് മനഃപൂര്‍വമല്ലാത്ത നരഹത്യ; 14 പ്രതികള്‍ കുറ്റക്കാർ, രണ്ട് പേരെ വെറുതെ വിട്ടു, വിധി നാളെ
304 പാർട്ട് 2, 149, ഐപിസി 143, 147, 323, 324, 326, 342, 352, 367 എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി. പട്ടിക ജാതി, പട്ടിക വർഗ അതിക്രമം (304 പാർട്ട് 2), മനപ്പൂർവമല്ലാത്ത നരഹത്യ (ഐപിസി 149), അന്യായമായി സംഘം ചേരൽ (ഐപിസി 143), കാലാപത്തിന് ആഹ്വാനം (ഐപിസി 147), ദേഹോപദ്രവം (ഐപിസി 323), അന്യയമായി തടഞ്ഞ് നിർത്തൽ (ഐപിസി 342), ആയുധം കൊണ്ട് ആക്രമിക്കല്‍ (ഐപിസി 324), മാരകായുധം കൊണ്ട് ആക്രമിക്കല്‍ (ഐപിസി 326), തട്ടിക്കൊണ്ട് പോകൽ (ഐപിസി 367), പട്ടിക ജാതി, പട്ടിക വർഗ അതിക്രമം തടയൽ നിയമത്തിലെ 3(1)(ഡി), പ്രകോപനമില്ലാതെ മർദനം (ഐപിസി 352) എന്നിവയാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. ഇത് പരിഗണിച്ചാണ് ഇന്ന് വിധിയുണ്ടാകുക.