പാലക്കാട്: അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ. കോട്ടത്തറ ആശുപത്രിയിൽ നിന്നും അഗളി ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയയ്‌ക്കുകയുണ്ടായി. ഈ സമയം, ഒപ്പം ആരോഗ്യ പ്രവർത്തകരെ അയച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഏറെനേരം അഗളി ആശുപത്രിയിൽ മൃതദേഹം അനാഥമായി കിടന്നു. മന്ത്രിമാർ ഉൾപ്പെടെ എത്തിയിട്ടും അട്ടപ്പാടിയിൽ അനാസ്ഥ തുടരുന്നതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ആശുപത്രിയ്‌ക്ക് മുന്‍പില്‍ ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി.
പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി - കുമാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ജനിച്ച കുഞ്ഞിന് 2.200 കിലോയായിരുന്നു തൂക്കം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
ALSO READ: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന് ജീവഹാനി
കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ മാസം 24ന് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഈശ്വരി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുഞ്ഞ് മരിച്ചത്.