പാലക്കാട്: പട്ടാമ്പിയിലെ കൊവിഡ് വ്യാപനം കണ്ടെത്തുന്നതിനായി മൂന്നാം ദിനം 565 പേര്‍ക്ക് റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് നടത്തിയതായി ആരോഗ്യ വിഭാഗം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആന്‍റിജൻ ടെസ്റ്റിലൂടെ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിലും ബന്ധുക്കളിലുമാണ് മൂന്നാം ദിനം ആന്‍റിജൻ ടെസ്റ്റ് നടത്തിയത്.
ആദ്യ രണ്ട് ദിനങ്ങളിലായി 854 പേരിൽ നടത്തിയ പരിശോധനയിൽ 106 ആളുകളിൽ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നാം ദിനത്തിൽ നടത്തിയ 565 പരിശോധനകളിൽ 30ൽ അധികം ആളുകളിൽ രോഗം കണ്ടെത്തിയതായാണ് അനൗദ്യോഗിക വിവരം. വ്യാപനത്തോത് അറിയുന്നതിനും രോഗ ബാധിതരെ കണ്ടെത്തുന്നതിനും വരും ദിവസങ്ങളിൽ തുടർച്ചയായി കൊപ്പം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും ചാലിശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ചാലിശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും ആന്‍റിജൻ ടെസ്റ്റ് ക്യാമ്പ് നടത്തും.
പട്ടാമ്പി മേഖലയിലെ 28 തീവ്രബാധിത മേഖലകളിലുമുള്‍പ്പെടെ 47 കേന്ദ്രങ്ങളാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധനക്ക് വിധേയമാക്കുക. മീന്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി വ്യാപാര കേന്ദ്രങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍, ഊരുകള്‍, ബസ് സ്റ്റാന്‍റുകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ടെസ്റ്റുകള്‍ നടത്തും. പട്ടാമ്പി തലൂക്കിന് പുറമെ പുലാമന്തോൾ പഞ്ചായത്തിലും ഷൊർണൂർ നഗരസഭയിലും നെല്ലായ പഞ്ചായത്തിലും മൽസ്യ മാർക്കറ്റിൽ നിന്നും രോഗ വ്യാപനം കണ്ടെത്തി. ഈ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.