പാലക്കാട്: പട്ടാമ്പിയിൽ പഞ്ചായത്ത് മെമ്പർക്കും മകനും നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. മുതുതല ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സിജയ്ക്കും മകൻ അക്ഷയ്ക്കുമാണ് മർദനമേറ്റത്. ശനിയാഴ്ചയാണ് സംഭവം. മലപ്പുറത്ത് നിന്നും പരീക്ഷ കഴിഞ്ഞ് വരുന്ന വഴി പള്ളിപ്പുറം പാലത്തറയിലുള്ള പമ്പിൽ പെട്രോൾ അടിക്കാൻ കയറിയ അക്ഷയെയും സുഹൃത്തുക്കളെയും ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ ഏഴ് പേർ ചേർന്നാണ് ആക്രമണം നടത്തിയത്. അതിലൊരാൾ കത്തി വീശി ഭീഷണിപ്പെടുത്തിയതായും അക്ഷയ് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അക്ഷയുടെ അമ്മ സിജക്ക് നേരെയും ആക്രമണം ഉണ്ടായി. മുതുതല ഗ്രാമപഞ്ചായത്തിലെ മെമ്പറും കോൺഗ്രസ് പ്രവർത്തകയുമാണ് സിജ. സംഭവം ചോദ്യചെയ്ത ആളുകളെയും അക്രമികൾ മർദിച്ചു. സിജയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്. ഇരുവരും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സിജയുടെ പരാതിയിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.