പാലക്കാട് : തമിഴ്‌നാട് ആളിയാർ അണക്കെട്ട് തുറന്നതോടെ നറണി നിലംപതിപാലം വീണ്ടും വെള്ളത്തിൽ മുങ്ങി. ചിറ്റൂരിൽ മഴ ശക്തമല്ലെങ്കിലും ആളിയാറിന്‍റെ വൃഷ്‌ടി പ്രദേശത്ത് പെയ്‌ത്ത് തുടരുന്നതിനാൽ വെള്ളിയാഴ്‌ച (9-9-2022) വൈകിട്ടാണ് അണക്കെട്ട് തുറന്നത്. ഇതോടെ ഇന്ന് (10-9-2022) രാവിലെ നിലംപതി പാലം വെള്ളത്തിലായി.
തമിഴ്‌നാട്ടിൽ മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്നാണ് ഡാം തുറന്നത്. അണക്കെട്ടിൽ നിന്ന് വലിയ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. അടിക്കടി ആളിയാറിൽ ഷട്ടർ തുറക്കുന്നതിനാൽ ദുരിതത്തിലാകുന്നത് ചിറ്റൂർ നറണി നിലംപതി പാലത്തിലൂടെയുള്ള യാത്രക്കാരാണ്.
ഒരു മാസത്തിനിടെ പത്തുദിവസമാണ് മൂലത്തറ, നറണി, പാറക്കളം നിലംപതി പാലങ്ങൾ വെള്ളത്തിനടിയിലായത്. ദിനംപ്രതി നിരവധി യാത്രക്കാരാണ് നറണി പാലത്തിലൂടെ സഞ്ചരിക്കുന്നത്. പാലത്തിൽ വെള്ളം കയറിയതോടെ കോരിയാർചള്ള, കല്യാണപേട്ട എന്നിവിടങ്ങളിൽനിന്നുള്ളവർ കന്നിമാരി, വണ്ടിത്താവളം വഴി ഇരട്ടിയിൽ കൂടുതൽ ദൂരം സഞ്ചരിച്ചാണ് ചിറ്റൂരെത്തുന്നത്.
ചെലവും സമയനഷ്‌ടവും വേറെ. എന്നാൽ ചിലർ മുന്നറിയിപ്പ് വകവയ്ക്കാതെ സാഹസികമായി പുഴ കടക്കുന്നുണ്ട്. ഇതിലൂടെയുള്ള യാത്രയ്ക്ക് അപകട സാധ്യതയേറെയാണ്. നറണിയിൽ പുതിയ പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി.
പുതിയ പാലത്തിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. ഇറിഗേഷൻ വകുപ്പിന്‍റെ സംഘം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്നത് അനുസരിച്ച് തുടർ നടപടിയുണ്ടാകും.