പാലക്കാട്: അഗളിയില്‍ പൊലീസിനെ ആക്രമിച്ച യുവാവിനെ പിടികൂടി വിട്ടയച്ചു. അഗളി നെല്ലിപ്പതി സ്വദേശി ചെല്ലൻ (33) ആണ് പിടിയിലായത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വിട്ടയക്കുകയായിരുന്നു.
പാലക്കാട് അഗളി പൊലീസ് സ്റ്റേഷന് മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന അഗളി പൊലീസ് സ്റ്റേഷൻ്റെ മുൻവശത്തായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലേക്ക് ഒരു യുവാവ് കല്ലെറിയുന്ന രംഗം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പൊലീസുകാർ പുറത്തേക്ക് ഓടി വരുകയുമായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാൾ വലിയ രണ്ട് പരുക്കൻ കല്ലുകൾ കയ്യിലെടുത്ത് ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്ന് ഷീൽഡിൻ്റെ സഹായത്തോടെ ഇയാളെ കീഴ്പെടുത്തുകയായിരുന്നു. എസ്.ഐ ജയപ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.