പാലക്കാട്: പട്ടാമ്പി സി.ജി.എം സ്‌കൂൾ മുറ്റത്ത് നാല് വർഷങ്ങൾക്ക് ശേഷം നീർമാതളം പൂത്തു. സ്‌കൂളിൽ സജ്ജമാക്കിയ ഔഷധ തോട്ടത്തിലെ നീർമാതളമാണ് നാല് വർഷങ്ങൾക്ക് ശേഷം പൂവിട്ടത്. മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി അനശ്വരമാക്കിയ നീർമാതളം പൂത്തത് കാണാൻ നിരവധി ആളുകളാണ് സ്‌കൂളിൽ എത്തുന്നത്. പട്ടാമ്പി സി.ജി.എം സ്‌കൂൾ മുറ്റത്ത് ഔഷധ സസ്യോദ്യാനം ഉണ്ടാക്കുന്നതിന് നാല് വർഷം മുൻപ് നട്ട നീർമാതളമാണ് പൂവിട്ടത് .
സ്‌കൂളിലെ ഔഷധ തോട്ടത്തിൽ 60 ഔഷധ സസ്യങ്ങളാണ് നട്ടത്. ഡിസംബർ മാസത്തിൽ ഇല മുഴുവൻ കൊഴിക്കുന്ന നീർമാതളം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പൂക്കുക. സ്‌കൂളിലെ കുട്ടികളും ജീവനക്കാരുമാണ് നീർമാതളം ഉൾപ്പടെയുള്ള സസ്യങ്ങൾ പരിപാലിക്കുന്നതെന്ന് സുരേഷ് മാസ്റ്റർ പറയുന്നു. 10 മീറ്ററിലേറെ ഉയരം വെക്കുന്ന മരമാണ് നീര്‍മാതളം. നീര്‍മാതളത്തിൻ്റെ വേരും തൊലിയും ഇലയുമെല്ലാം ഔഷധമാണ്. ഓസ്‌ട്രേലിയയും ജപ്പാനുമാണ് ഇതിൻ്റെ ജന്മദേശമെന്ന് പറയപ്പെടുന്നു. നീർമാതളം വളരുന്നതും പൂക്കുന്നതും നാട്ടില്‍ അപൂര്‍വമാണ്.