പാലക്കാട്: ദേശീയപാതയിൽ പാലക്കാട് കണ്ണനൂർ തോട്ടുപാലത്ത് അമിത വേഗത്തിൽ വന്ന കാർ സ്‌കൂട്ടറിലിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. കാറിലുണ്ടായിരുന്ന കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. കുഴൽമന്ദം ചിതലി എറവക്കാട് വീട്ടിൽ സുധാനന്ദൻ (34) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 3.50നാണ് അപകടം. വൃക്കരോഗിയായ സുധാനന്ദൻ സ്കൂട്ടിയിൽ കണ്ണാടി പാലന ആശുപത്രിയിൽ ഡയാലിസിസിന് പോകുമ്പോൾ കാർ സ്കൂട്ടിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുധാനന്ദൻ അപകട സ്ഥലത്തുതന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചാണ് കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്. പരിക്കേറ്റ തൃശൂർ പന്തല്ലൂർ നെല്ലായ പള്ളത്തുമഠം വീട്ടിൽ രാമചന്ദ്രൻ (57), ഭാര്യ സന്ധ്യ (53), മകൾ ഡോ. അനിത (24), മകൻ ആദിത്യ (10) എന്നിവർ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാലിൽ പരിക്കേറ്റ ഡോ. അനിതയ്‌ക്ക് ശസ്‌ത്രക്രിയ ചെയ്‌തു.
റിട്ട. എയർഫോഴ്സ് ജീവനക്കാരനായ രാമചന്ദ്രനും കുടുംബവും കുടുംബ വീടായ തൃശൂരിൽ നിന്ന് കോയമ്പത്തൂർ സൂലൂരിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. ഹോണററി ഫ്ലയിങ് ഓഫീസറായ രാമചന്ദ്രൻ കഴിഞ്ഞമാസമാണ് സർവീസിൽ നിന്ന് വിരമിച്ചത്. പരേതനായ കണ്ടമുത്തന്‍റേയും- സുലോചനയുടെയും മകനായ സുധാനന്ദൻ അവിവാഹിതനാണ്. നാലു വർഷമായി ഡയാലിസിസ് ചെയ്യുന്നയാളാണ് സുധാനന്ദന്‍.
Also Read: K RAIL PROTEST | പ്രതിഷേധം ശക്തം; സംസ്ഥാനത്ത് കെ - റെയില്‍ സര്‍വേ നടപടികള്‍ നിർത്തി വച്ചു