പാലക്കാട്: കേരളത്തിൽ വളരെ വിരളമായി കാണുന്ന ഒന്നാണ് ചോളം കൃഷി. ഇതര സംസ്ഥാനങ്ങളിലെ പ്രധാന കൃഷിയായ ചോളം കേരളത്തിന്‍റെ മണ്ണിലും നൂറുമേനി വിളയുമെന്ന് കാണിച്ചു തരികയാണ് പട്ടാമ്പി ചാത്തന്നൂർ സ്വദേശി അബ്ബാസ്. ഏഴ് സെന്‍റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്‌ത കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്.
തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ചോളം വിളയാൻ 75 ദിവസം ആവശ്യമാണ്. എന്നാൽ ഇവിടെ 65 ദിവസമായപ്പോഴേക്കും ചോളം വിളവെടുക്കാൻ പാകമെത്തി. ഫാമിൽ നിന്നുള്ള ചാണകമാണ് കൃഷിക്ക് വളമായി ഉപയോഗിച്ചത്. ഏഴ് സെന്‍റിൽ 1400 തൈകളാണ് വിളഞ്ഞു നിൽക്കുന്നത്. പൂർണ്ണമായും ജൈവ രീതിയിൽ നടത്തിയ കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് അബ്ബാസിന്‍റെ തീരുമാനം.
ഒരിക്കൽ നടത്തിയ തമിഴ്‌നാട് യാത്രയിൽ ചോളം കൃഷി ചെയ്യുന്നത് കാണാനിടയായ അബ്ബാസിന് കൃഷി ചെയ്യാൻ താൽപ്പര്യം ഉണ്ടാവുകയായിരുന്നു. കടകളിലും വഴിയോരങ്ങളിലും ചോളം വാങ്ങാനും കഴിക്കാനുമൊക്കെ കിട്ടുമെങ്കിലും അവയെല്ലാം വരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.