പാലക്കാട് : പാലക്കാട് കലക്‌ടറേറ്റിന് സമീപത്തെ കവളപ്പാറ കൊട്ടാരത്തിലെ സെക്യൂരിറ്റി ജീവനക്കാരന് വെടിയേറ്റു. ചിറ്റൂർ തത്തമംഗലം സ്വദേശി പ്രകാശനാണ് (49) വയറിൽ വെടിയേറ്റത്. വെള്ളിയാഴ്‌ച (20.05.2022) രാത്രിയുണ്ടായ നിറയൊഴിക്കല്‍ രണ്ട് ദിവസം പുറത്താരും അറിഞ്ഞില്ല.
വെടിയേറ്റ പ്രകാശൻ ഞായറാഴ്‌ച (22.05.2022) പരാതിയുമായി എത്തിയപ്പോഴാണ് സൗത്ത് പൊലീസ് വിവരമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെടിവയ്പ്പുണ്ടായതായി കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തോക്കിന്‍റെ ഉണ്ട കൊട്ടാരത്തിന് മുന്നിൽ നിന്ന് കണ്ടെത്തി.
Also read: അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; വെടിയേറ്റ് യുവാവ് ആശുപത്രിയില്‍
കൊട്ടാരത്തിന് മുന്നിലെ ഷീറ്റിൽ കൊണ്ട ശേഷമാണ് ഉണ്ട പ്രകാശന്‍റെ വയറിൽ തട്ടിയത്. പ്രകാശന്‍റെ പരുക്ക് ഗുരുതരമല്ല. വെടിയൊച്ച കേട്ട ശേഷം സമീപവാസികൾ കൊട്ടാരത്തിന് ചുറ്റും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.
അബദ്ധത്തിൽ വെടിപൊട്ടിയതാണോ കൊലപാതക ശ്രമമമാണോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഥലത്ത് വിരലടയാള വിദഗ്‌ധർ പരിശോധന നടത്തി.