പാലക്കാട്: അന്യസംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നെത്തിയ 47 പേരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി. വാളയാർ ചെക്പോസ്റ്റ് വഴി പാലക്കാട് എത്തിയതും ചെമ്പൈ സംഗീത കോളജിൽ രജിസ്റ്റർ ചെയ്‌തതുമായ 47 പേരെയാണ് കെയർ സെന്‍ററിലേക്ക് മാറ്റിയത്. ഓരോരുത്തരും താമസിക്കുന്ന പഞ്ചായത്തുകളുടെ അടിസ്ഥാനത്തിൽ ശ്രീകൃഷ്ണപുരം, മുണ്ടൂർ, കരിമ്പുഴ, കേരളശ്ശേരി, ഷൊർണൂർ എന്നിവിടങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. ഇതിൽ 40 പേർ ചെന്നൈയിൽ നിന്നും വന്നിട്ടുള്ളവരാണ്. നിലവിൽ ആർക്കും ആരോഗ്യപ്രശ്‌നങ്ങളോ രോഗലക്ഷണങ്ങളോ ഇല്ല.
റെഡ് സോണിൽ നിന്നും എത്തുന്നവരെ പാർപ്പിക്കുന്നതിന് വേണ്ടി ജില്ലയിൽ 36 കൊവിഡ് കെയർ സെന്‍ററുകൾ സജ്ജമാക്കിയിട്ടുണ്ട്. റെഡ് സോണിൽ നിന്നും എത്തുന്ന മറ്റു ജില്ലക്കാരെ അതത് ജില്ലകളിലാണ് നിരീക്ഷണത്തിലാക്കുക. വ്യാഴാഴ്ച 1828 പേരാണ് വാളയാർ വഴി കേരളത്തിൽ എത്തിയത്. ഇതിൽ 1228 പുരുഷന്മാരും 427 സ്ത്രീകളും 173 കുട്ടികളും ഉൾപ്പെടുന്നു. അതിർത്തി കടന്ന് എത്തിയ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.