പാലക്കാട്: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ട് ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ പദ്ധതികളും പട്ടയ വിതരണവും ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് കലക്ട്രേറ്റില്‍ ചൊവ്വാഴ്‌ച നടന്ന യോഗത്തില്‍ ജില്ലയില്‍ 1000 പട്ടയങ്ങളുടെ വിതരണം മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു.
പതിനാറ് സ്‌മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്‌ഘാടനവും 124 എണ്ണത്തിന്‍റെ നിര്‍മാണോദ്‌ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്താകെ ഇന്ന് 13,320 പട്ടയങ്ങള്‍ വിതരണം ചെയ്‌തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും വലിയ ആവശ്യമായി ഉയര്‍ന്നത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്നതായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ആളുകള്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ പരാതി നല്‍കിയിട്ടും അവകാശം നിഷേധിക്കുകയാണ് ഉണ്ടായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതില്‍ വലിയ മാറ്റമുണ്ടായി. രണ്ട് ലക്ഷത്തോളം പട്ടയങ്ങളുടെ വിതരണം ഇതിനോടകം പൂര്‍ത്തിയാക്കാനായിട്ടുണ്ട്. ഇനി നല്‍കാനുള്ളത് കൂടി ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാരായ ജനങ്ങള്‍ എത്തുന്ന വില്ലേജ് ഓഫീസുകളും മറ്റ് റവന്യൂ ഓഫീസുകളും ജന സൗഹാര്‍ദമാക്കി മാറ്റുവാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ഇവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക സേവനങ്ങള്‍ ലഭ്യമാക്കി സ്‌മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയാണ്. 441 വില്ലേജ് ഓഫീസുകള്‍ ഇതിനോടകം സംസ്ഥാനത്ത് സ്‌മാര്‍ട്ട് ആക്കി മാറ്റിയിട്ടുണ്ട്. 1665 വില്ലേജ് ഓഫീസുകള്‍ നവീകരിച്ചു. റവന്യൂ വകുപ്പിന്‍റെ മുഴുവന്‍ ഓഫീസുകളും കടലാസ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തില്‍ താലൂക്ക് ഓഫീസുകളിലും കലക്ട്രേറ്റുകളിലും ഇ-ഓഫീസ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന 25 തരം സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ജില്ലകള്‍ മുഖേന ഓണ്‍ലൈനായാണ് നല്‍കിവരുന്നത്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനം പല കാര്യങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയായി നില കൊള്ളുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 16,250 പട്ടയങ്ങളാണ് വിതരണം ചെയ്‌തിട്ടുള്ളത്. ജില്ലയില്‍ കെഎസ്‌ടി ആക്ട് പ്രകാരം 4,361 ഹെക്ടറും 10,772 ഏക്കറും ഭൂമിയാണ് വിതരണം ചെയ്യാനുള്ളത്. ഇതിന്‍റെ നാലിലൊന്ന് ഭാഗമാണ് ഇതുവരെ വിതരണം ചെയ്‌തിട്ടുള്ളതെന്നും ബാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും ഉദ്യോഗസ്ഥതലത്തിലുള്ളവര്‍ ഇതിന് വേണ്ടി പരിശ്രമിക്കണമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് റവന്യൂവകുപ്പിനെ അടിമുടി പരിഷ്‌കരിച്ചു കൊണ്ടുള്ള ഒട്ടേറെ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്നും ഇതിന്‍റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.