പാലക്കാട്: ഓണം സീസണോടനുബന്ധിച്ചുള്ള വാഹന പരിശോധനയിൽ കൊല്ലങ്കോട് എക്സൈസ് സംഘം രണ്ടിടങ്ങളിൽ നിന്നായി 10 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രിയോടെ പുതുനഗരം സ്‌കൂൾ സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. ആലുവ സ്വദേശികളായ ആൽബിൻ (20) ഹനീഷ് (25) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് ഒട്ടൻ ഛത്രത്തിൽ നിന്നും 20,000 രൂപക്ക് വാങ്ങിയ കഞ്ചാവ് അങ്കമാലിയിൽ വില്‍പന നടത്താനായിരുന്നു പദ്ധതിയെന്ന് ഇവർ മൊഴി നൽകി.
കൂടാതെ ഇരഞ്ഞിമന്ദത്തിന് സമീപം പുരട്ടീൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെയും പിടികൂടി. ഇരുചക്ര വാഹനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച തൃശൂര്‍ സ്വദേശികളായ പുഴയ്ക്കൽ സതീഷ് ( 38), കണിമംഗലം വിഷ്‌ണു (38) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എസ്.ബാലഗോപാലൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ പി സുരേഷ് പ്രിവന്റീവ് ഓഫീസർമാരായ എൻ.ഗോപകുമാർ, എം ആർ സുജീബ്റോയി, പി.രാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ ഫാറൂഖ്, ഷെയ്ക്ക് ദാവൂദ്, എ.ഷാജഹാൻ, കെ.ബിജുലാൽ, ആർ.വിനീത് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സംഗീത, സന്ധ്യ, സീനത്ത്, ഡ്രൈവർ ഷെയ്ക്ക് മുജീബ് റഹ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.