മലപ്പുറം: സ്വന്തമായൊരു വീട് ഏതൊരു മനുഷ്യന്‍റേയും ഏറ്റവും വലിയ ആഗ്രഹമാണ്. 20 വർഷം വാടക വീട്ടിൽ കഴിഞ്ഞ ഒരാൾ സ്വന്തമായൊരു വീടൊരുക്കാൻ നടത്തുന്ന പെടാപ്പാടാണിത്. മലപ്പുറം പുത്തനത്താണി സ്വദേശി കല്ലിങ്ങൽ പറമ്പിൽ പ്രശാന്താണ് വീടുണ്ടാക്കാൻ എന്തും ചെയ്യാൻ തയ്യാറായത്.
കൽപകഞ്ചേരി എട്ടാം വാർഡിലെ കവളിയാർ ചോലയുടെ പരിസരത്ത് അഞ്ച് വർഷം മുമ്പാണ് പ്രശാന്ത് അഞ്ച് സെന്‍റ് സ്ഥലം വാങ്ങിച്ചത്. സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് ചെങ്കുത്തായ ഇറക്കവും ദുർഘടമായ പാതയും നോക്കാതെ ഭൂമി വാങ്ങിയത്. പല തവണ വീട് നിർമ്മാണം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും 50 അടി താഴ്ച്ചയിലേക്ക് നിർമ്മാണ വസ്‌തുക്കൾ എത്തിക്കുന്നതിന് ആരും തയ്യാറായില്ല.
ഭൂമി വാങ്ങി വർഷം അഞ്ച് കഴിഞ്ഞിട്ടും തറയിടൽ പോലും നടത്താൻ കഴിയാതെ വന്നതോടെയാണ് പ്രശാന്ത് തന്നെ നിർമ്മാണ വസ്‌തുക്കൾ എത്തിക്കാൻ മുന്നിട്ടിറങ്ങിയത്. സ്വന്തമായി രൂപകൽപന ചെയ്‌ത യന്ത്രം ഉപയോഗിച്ച് 50 അടി താഴ്ച്ചയിലേക്ക് ചെങ്കല്ല് എത്തിക്കുകയാണ് പ്രശാന്ത്. ഒന്നര എച്ച് പി പവറുള്ള മോട്ടോറാണ് ആദ്യം സംഘടിപ്പിച്ചത്.
ശേഷം അർബാനയുടെ ബോഡിയും ബൈക്കിന്‍റെ വീലും ആക്രിക്കടയിൽ നിന്നും പണം കൊടുത്ത് വാങ്ങി. ഭാരം വലിക്കാൻ റോപ്പിന് ഉപയോഗിക്കുന്ന ഇരുമ്പ് കേബിളും സംഘടിപ്പിച്ചു. മോട്ടോറിൽ കമ്പി ഘടിപ്പിച്ച് ഉന്തുവണ്ടിയുമായി (അർബാന) ബന്ധിപ്പിച്ചു. റിമോർട്ട് കൺട്രോളിലാണ് പ്രശാന്തിന്‍റെ ടെക്നോളജി.
കേബിൾ പൊട്ടിയാലുണ്ടാകുന്ന ദുരന്തത്ത കുറിച്ച് പ്രശാന്ത് നല്ല ബോധവാനാണ്. സംഗതി റിസ്‌കാണെങ്കിലും ഇതല്ലാതെ മറ്റ് മാർഗമില്ലാണ് പ്രശാന്തിന് പറയാനുള്ളത്. എന്നിരുന്നാലും കൽപകഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ലൈഫ്‌മിഷൻ വഴി വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന പ്രശാന്തും കുടുംബവും തികഞ്ഞ പ്രതീക്ഷയിലാണ്.