മലപ്പുറം: ഫ്രാൻസിലെ ബോർഡോവിൽ നടന്ന ലോക നൈപുണി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് രണ്ടു മലപ്പുറത്തുകാർ രാജ്യത്തിന് അഭിമാനമായി. മഞ്ചേരി മുള്ളമ്പാറയിലെ പുളക്കുന്നൻ ഉസ്‌മാന്‍റേയും മുന്നിസയുടെയും മകൻ മുഹമ്മദ് ഫൈസലും കരുവ പാലായി ഫിറോസ് ഖാന്‍റെയും ജംഷീലയുടെയും മകൻ മുഹമ്മദ് സിയാദുമാണ് നാടിനെ പ്രതിനിധീകരിച്ച് നേട്ടമുണ്ടാക്കിയത്. ആരോഗ്യമേഖലയിലെ സേവനത്തിന് റോബോട്ട് പ്രയോജനപ്പെടുത്തുന്നതിൽ കൃത്യതയും വേഗവും കൈവരിച്ചുകൊണ്ടുള്ളതായിരുന്നു ഇരുവരുടെയും കണ്ടുപിടിത്തം.
മുൻപ് പതിമൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ഇത്തവണ നാലാം സ്ഥാനത്തേയ്‌ക്കാണ് ഈ ചെറുപ്പക്കാർ ഉയർത്തിയത്. ഒക്‌ടോബർ 16 മുതൽ 24 വരെയായിരുന്നു മത്സരം. ആശുപത്രിയിൽ പത്ത് രോഗികൾക്ക് അവരുടെ മുറികളിൽ മരുന്നുകൾ ഏറ്റവും വേഗം എത്തിച്ചുകൊടുക്കുകയും ശേഷം മുറിയിലെ കുപ്പത്തൊട്ടിയിൽ ഉപയോഗ ശൂന്യമായ വസ്‌തുക്കൾ നിക്ഷേപിച്ച് കൺട്രോൾ റൂമിൽ തിരിച്ചെത്തുകയാണ് റോബോട്ടിനുള്ള ദൗത്യം.
മൂന്നുമിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിച്ച ചൈനക്കാർ ഒന്നാമതെത്തി. ദക്ഷിണ കൊറിയ രണ്ടും ജപ്പാൻ മൂന്നും സ്ഥാനം നേടി. ആറുമിനിറ്റെടുത്താണ് നാലാം സ്ഥാനം ഇവർ ഇന്ത്യയ്‌ക്ക് നേടികൊടുത്തത്. കേന്ദ്ര സർക്കാരിന്‍റെ നൈപുണി വികസന പദ്ധതികളുടെ ഭാഗമായി സർക്കാർ ചെലവിലാണ് ഇരുവരും സജമാക്കിയ റോബോർട്ട് മത്സരത്തിൽ പങ്കെടുപ്പിച്ചത്.
2020ൽ അരീക്കോട് ഐ.ടി.ഐ.യിൽ നടന്ന ജില്ലാതലത്തിലും തിരുവനന്തപുരം ടെക്‌നോപാർക്കിൽ നടന്ന സ്ഥാനതലത്തിലും പിന്നീട് വിശാഖ പട്ടണത്തിലും പൂനെയിലെ അക്കാദമി ഓഫ് റോബോട്ടിക്‌സിൽ നടന്ന മത്സരത്തിലും പരിശീലനത്തിലും മികവുപുലർത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഇവർക്ക് സാധിച്ചത്.