മലപ്പുറം: ലോക എയ്‌ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് നാലു ദിവസത്തെ ജില്ലാതല ബോധവത്‌കരണ പരിപാടിക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ തുടക്കമായി. വ്യത്യസ്തമായ ആശയങ്ങളോടെയുള്ള ബോധവത്‌കരണമാണ് ഇക്കുറി ആശുപത്രി അധികൃതര്‍ നടത്തുന്നത്. ഞാന്‍ ഒരു എയ്ഡ്സ് രോഗിയായാല്‍ എന്ന പ്ലക്കാര്‍ഡ് കഴുത്തില്‍ ധരിച്ചാണ് ഡോക്‌ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തിറങ്ങുന്നത്. ഇത്തരത്തില്‍ കാര്‍ഡ് ധരിച്ചെത്തുന്നവരോട് പൊതു സമൂഹത്തിന്റെ സമീപനം എന്താണെന്നറിയാനാണ് അധികൃതരുടെ ശ്രമം. ഇങ്ങനെ എത്തുന്നവരുമായി ഹസ്തദാനം ചെയ്യുവാന്‍ പൊതുസമൂഹം തയ്യാറാകുന്നുണ്ടോ എന്നറിയാനും ശ്രമിക്കും. ഹസ്‌തദാനം ചെയ്യുന്നതിലൂടെയോ ആലിംഗനം ചെയ്യുന്നതിലൂടെയോ പകരുന്ന രോഗമല്ല എയ്ഡ്സ് എന്ന സന്ദേശമാണ് ജില്ലാ എയ്‌ഡിസ് നിയന്ത്രണ വിഭാഗം ഇതിലൂടെ നല്‍കാനുദ്ദേശിക്കുന്നത്.
പരിപാടിക്ക് ജില്ലാ എയ്‌ഡ്‌സ് നിയന്ത്രണ വിഭാഗത്തിലെ ഡോ. സി.ബി പ്രദീഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്കര്‍, ഡോ. കെ.കെ. പ്രവീണ, ആര്‍.എം.ഒ ഡോ.നീതു. ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് യു.കെ. കൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശബരീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.