മലപ്പുറം: കാട്ടുപന്നികളെ വെടി വച്ച് കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പൂക്കോട് റിസര്‍വ് ഭാഗത്ത് അനധികൃതമായി പ്രവേശിച്ച് കാട്ടുപന്നികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് മാസത്തിന് ശേഷമാണ് പ്രതികൾ അറസ്റ്റിലാകുന്നത്.
മുഖ്യപ്രതി എളമ്പിലാക്കോട് കോണമുണ്ട പളളിയാളി ജിനു, കൂട്ടുപ്രതിയായ ചാലിയാര്‍ വൈലാശേരി പരട്ടയില്‍ അനീഷ് എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
വന്യമൃഗത്തെ കൊലപ്പെടുത്തി വീട്ടിൽ വച്ച് പാകം ചെയ്തു
വന്യമൃഗത്തെ കൊലപ്പെടുത്തി ഇറച്ചി വീട്ടില്‍ വച്ച് പാകം ചെയ്തുവെന്ന കേസിലായിരുന്നു പ്രതികള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. ഇതിനിടെ ജിനുവിനെ തൃശൂരില്‍ നിന്നും അനീഷിനെ മതില്‍മൂലയിലെ ഫാമില്‍ നിന്നും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
അന്വേഷണം നടത്തിയത് പ്രത്യേക അന്വേഷണ സംഘം
ഇനിയും പിടികൂടാനുള്ള പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി അഭിലാഷ് പറഞ്ഞു. നിരവധി വന്യജീവി കേസുകള്‍ അന്വേഷിച്ചു കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് കേസിലെ പ്രതികളെയും പിടികൂടിയത്. ഇവരെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കും. കെ.പി അഭിലാഷ്, എസ്‌പിമാരായ വി.പി അബ്ബാസ്, പി.എന്‍ ബീന, ബിഎഫ്ഒമാരായ കെ. ശരത് ബാബു, വി. മുഹമ്മദ് അഷറഫ്, എസ്. ശാലു, യു. നിഷ, കെ. മനോജ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.