മലപ്പുറം: നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാനകളെ കാടുകയറ്റി. ആർആർടി, എമർജൻസി റസ്ക്യൂ ഫോഴ്‌സ്, എടക്കോട് വനം സ്റ്റേഷനിലെ ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്നാണ് കാട്ടാനകളെ കാടുകയറ്റിയത്. പട്ടാപ്പകലാണ് മമ്പാട് കുളിക്കൽ അങ്ങാടിക്ക് സമീപം കാട്ടാനകൾ ഇറങ്ങിയത്. ആനയെ തിരിച്ച് കാട്ടിലേക്ക് അയക്കാൻ ഉച്ചയ്ക്ക് 12 മണിയോടെ ശ്രമം തുടങ്ങി. രണ്ട് മണിയോടെ മേപ്പാടം കൂളിക്കൽ അങ്ങാടിക്ക് സമീപമുള്ള പാടത്തിന് അരികിലെ പൊന്തക്കാട്ടിൽ നിന്നും ആനകളെ ചാലിയാർ പുഴ കടത്തി. എന്നാൽ ഓടായിക്കൽ ഭാഗത്തേക്ക് നീങ്ങിയ ആനകൾ ഇടക്കിടെ പിൻതിരിയാൻ ശ്രമിച്ചത് ഭീതി പരത്താനിടയാക്കി.
Also Read: നീരൊഴുക്ക് നിലച്ച് പുത്തിഗെ പുഴ; ഗ്രാമങ്ങള്‍ കുടിനീര്‍ ക്ഷാമത്തിലേക്ക്
സംഭവം ഇങ്ങനെ...
ഇന്നലെ നിലമ്പൂർ അരുവിക്കോട് ഭാഗത്ത് കൃഷി നാശം വരുത്തുകയും, ആർആർടി ഓഫീസ് മുറ്റം വരെ എത്തുകയും ചെയ്‌ത കാട്ടാനകളാണ് ചാലിയാർ പുഴ കടന്ന് സോളാർ വൈദ്യുതി വേലിക്ക് സമീപത്തുകൂടെ മമ്പാട് തോട്ടിന്‍റക്കര കൂളിക്കൽ അങ്ങാടിയിലേക്ക് എത്തിയത്. പൊന്തക്കാട്ടിൽ കാട്ടാനകളെ കണ്ട നാട്ടുകാരാണ് വനപാലകരെയും ഇആർഎഫ് അംഗങ്ങളെയും വിവരമറിയിച്ചത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നേത്യത്വത്തിൽ ആർആർടി അംഗങ്ങളും ഇആർഎഫ് അംഗങ്ങളും നാട്ടുകാരും എടക്കോട്, കൊടുപുഴ സ്റ്റേഷനുകളിലെ വനപാലകരും സ്ഥലത്തെത്തി. റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും, കൂക്കിവിളിച്ചുമാണ് ആനകളെ ഓടിച്ചത്. ആനകളെ ഓടിക്കുന്നത് കാണാൻ ആളുകൾ തടിച്ച് കൂടിയതോടെ നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തി ജനങ്ങളെ നിയന്ത്രിച്ചു. ഓടിപ്പോകുന്നതിനിടയിൽ ഒരു ബൈക്കും ആനകൾ തകർത്തു. ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കയറുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. വൈകുന്നേരം മൂന്നരയോടെയാണ് ആനകൾ എക്കോട് സ്റ്റേഷൻ പരിധിലെ കാട്ടിലേക്ക് കയറിയത്.
ഇനി എന്ത്?
ആനകളെ തുരത്താൻ വനം വകുപ്പ് നിയമിച്ച ആർആർടി ജീവനക്കാർ താമസിക്കുന്ന വീടിന്‍റെ മുറ്റത്തേക്ക് ആനകൾ എത്തിയത് ജീവനക്കാരെയും ആശങ്കപ്പെടുത്തിയിരുന്നു. കെഎൻജി റോഡിൽ മമ്പാട് തോട്ടിന്‍റക്കര മുതൽ നിലമ്പൂർ ടൗൺ വരെ കാലങ്ങളായി ഭീതിയുടെ മുൾമുനയിലാണ്. മാസങ്ങൾക്ക് മുൻപ് കാട്ടാനകൾ നിലമ്പൂരിലെ വനം വകുപ്പിന്‍റെ കാര്യാലയ ഗേറ്റ് തകർക്കുകയും നിലമ്പൂർ ഇൻഫെന്‍റ് ജീസസ് പള്ളി മുറ്റത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. നിലമ്പൂർ മേഖലയിലെ മലയോര മേഖലകളും ടൗണുകളും കാട്ടാന ഭീതിയിൽ കഴിയുമ്പോഴും ജില്ലയിൽ ആർആർടിക്ക് ഒരു ടീമും ഒരു വാഹനവും മാത്രമാണുള്ളത്. ജില്ലയിൽ വന്യ ജീവി സംബന്ധമായ എല്ലാത്തിനും ഇവർ മാത്രമാണുള്ളതും. സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയും ആർആർടിക്ക് കൂടുതൽ വാഹനങ്ങളും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആളപായം ഉണ്ടായ ശേഷമല്ല അതിന് മുൻപാണ് നടപടി ഉണ്ടാവേണ്ടതെന്ന് നാട്ടുകാർ പറയുന്നു.
Also Read: വയനാട് തിരുനെല്ലിയിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ