മലപ്പുറം: കാട്ടാന ഭീതിയിലാണിന്ന് മലയോര മേഖലയായ ചാലിയാർ പഞ്ചായത്ത്. കാട്ടാന നാശം വിതച്ച നിലമ്പൂർ - നായാടംപൊയിൽ മലയോര പാതയിൽ തേക്ക് മരങ്ങൾ വൈദ്യുതി തൂണുകളിലേക്ക് മറിച്ച് ഇട്ടിരുന്നതിനാൽ ആറാം ബ്ലോക്ക് മുതൽ മണിക്കൂറുകളോളമാണ് വൈദ്യുതി നിലച്ചത്.
ചാലിയാർ പഞ്ചായത്തിലെ അകമ്പാടം സ്വദേശി പുത്തൻപുരക്കൽ ടോം ജോസഫിന്‍റെ വെണ്ണേക്കോട് ആറാം ബ്ലോക്കിലെ കൃഷിയിടത്തിലാണ് ശനിയാഴ്‌ച രാത്രി കാട്ടാന വ്യാപക നാശം വിതച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാട്ടാനകൾ തന്‍റെ കൃഷിയിടത്തിൽ ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയതായും ടാപ്പിങ് നടത്തുന്ന റബർ മരങ്ങൾ ആന നശിപ്പിച്ചാൽ കർഷകന് വനം വകുപ്പിൽ നിന്നും ലഭിക്കുന്നത് 700 രൂപയാണെന്നും ഇത് പര്യാപ്തമല്ലെന്നും ടോം ജോസഫ് പറഞ്ഞു. കൃഷി ചെയ്‌ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മലയോര മേഖലയിലെ കർഷകർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കയത്തെ കടയിൽ നിന്നും മൂലേപ്പാടത്തെ വീട്ടിലേക്ക് വരികയായിരുന്ന മാമ്പായിൽ നാസർ എന്ന യുവ വ്യാപാരി ശനിയാഴ്‌ച വൈകിട്ട് ആറ് മണിയോടെ ഒറ്റയാന്‍റെ മുൻപിൽപ്പെട്ടു. ആനയെ മുൻപിൽ കണ്ടതോടെ ബൈക്ക് നിർത്തി ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് മറിഞ്ഞ് താൻ താഴെ വീഴുകയായിരുന്നുവെന്നും നാസർ പറഞ്ഞു.
കാട്ടാന നശിപ്പിച്ച കാർഷിക വിളകൾക്കും റബർ റോളറിനും അടിയന്തരമായി നഷ്‌ട പരിഹാരം ലഭ്യമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ടോം ജോസഫിന്‍റെ കൃഷിയിടം സന്ദർശിച്ച എടക്കോട് വനം സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.വി.ഗോപാല കൃഷ്ണൻ അറിയിച്ചു. കൂടാതെ കൃഷിയിടത്തോട് ചേർന്ന് വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള വൈദ്യതി വേലിയുടെ കാട്ടാന തകർത്തഭാഗങ്ങൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും കൃഷിയിടത്തിലെ വൈദ്യുതി വേലി പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പന്തീരായിരം വന മേഖലയിൽ നിന്നും മൂവായിരം വന മേഖലയിലേക്ക് കയറിയ ഏഴോളം കാട്ടാനകളാണ് ആ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.