മലപ്പുറം: ചാലിയാറിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൂലേപ്പാടം സ്വദേശി തെക്കും തടത്തിൽ ബിജു(38)ആണ് രക്ഷപ്പെട്ടത്.
ശനിയാഴ്ച്ച രാത്രി 8.30തോടെ നിലമ്പൂർ-നായാടംപൊയിൽ മലയോരപാതയിലാണ് സംഭവം. രോഗിയെ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ച ശേഷം മൂലേപ്പാടത്തെ വീട്ടിലേക്ക് മടങ്ങും വഴിയാണ് ബിജു ഒറ്റയാന്‍റെ മുന്നിൽപ്പെട്ടത്. ഒറ്റയാൻ ഓട്ടോറിക്ഷക്ക് നേരെ തിരിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ബിജു പറഞ്ഞു. ഓട്ടോറിക്ഷയുടെ സീറ്റുകൾ കുത്തി കീറിയ കാട്ടാന വാഹനം ഏതാണ്ട് പൂർണമായി നശിപ്പിച്ചു. നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ രാത്രി മയങ്ങുന്നതോടെ കാട്ടാനകൾ ഇറങ്ങുന്നത് പതിവായതോടെ മലയോരവാസികൾ ഭീതിയിലാണ്. ബിജു എടക്കോട് വനം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.