മലപ്പുറം: അറബിക്കടലിൽ നിന്ന് കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രം മലപ്പുറം താനൂരിലെ മത്സ്യത്തൊഴിലാളികൾ കടലിൽ വെച്ച് കണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറല്‍. കഴിഞ്ഞ രണ്ട് ദിവസമായി കേന്ദ്ര ഭൗമശാസ്ത്ര വിഭാഗം കടലിൽ ഈ ഉപകരണത്തിനായുള്ള തെരച്ചിൽ നടത്തിവരുകയായിരുന്നു. അന്വേഷണ പുരോഗമിക്കുന്നതിനിടയില്‍ തിങ്കളാഴ്ച രാവിലെ താനൂര്‍ സ്വദേശി ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ദൃശ്യത്തിലാണ് യന്ത്രം കണ്ടെത്തിയതായി കാണിക്കുന്നത്.
എന്നാല്‍, ഇത് കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രമാണെന്ന് മത്സ്യത്തൊഴിലാളികൾക്ക് മനസിലായിരുന്നില്ല. ഈ ഉപകരണത്തില്‍ കയറി നിന്ന് സംസാരിക്കുന്നതായാണ് വീഡിയോയിലുള്ളത്. കടലിൽ നിന്ന് ഞങ്ങൾക്ക് ഒരു സാധനം ലഭിച്ചിട്ടുണ്ടെന്നും കപ്പലിൽ നിന്ന് വീണുപോയതാവാമെന്നും ദൃശ്യങ്ങളിൽ മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ നിന്നും കരയ്‌ക്കെത്തിച്ചാല്‍ തങ്ങൾ ജയിലിൽ പോകേണ്ടി വരുമെന്നും മത്സ്യത്തൊഴിലാളികൾ വീഡിയോയില്‍ പറയുന്നുണ്ട്.
കൊടുങ്കാറ്റ്, സുനാമി സാധ്യതകളറിയാനുള്ള ഉപകരണം
യന്ത്രത്തിനകത്തുള്ള സെൻസറുകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണുള്ളത്. പ്രവര്‍ത്തനം നിലച്ചതിനാല്‍ വിവരങ്ങള്‍ ലഭ്യമാവുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റ്, സുനാമി ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങളറിയാൻ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് ഉപകരണം സ്ഥാപിച്ചത്.
ദിവസങ്ങൾക്ക് മുന്‍പാണ് യന്ത്രം അറബിക്കടലിൽവച്ച് കാണാതായത്. മൂന്ന് ദിവസമായി ഉപകരണത്തില്‍ നിന്നുമുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവെങ്കിലും യന്ത്രം കണ്ടെത്താൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍, കാലാവസ്ഥ കേന്ദ്രം അധികൃതർ പൊലീസ് അന്വേഷണം തേടി.
ALSO READ: നെടുമുടി വേണുവിന്‍റെ സംസ്‌കാരം നാളെ തൈക്കാട് ശാന്തി കവാടത്തില്‍