മലപ്പുറം: കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് എട്ടിനെന്ന് സൂചന. തെരഞ്ഞെടുപ്പിന് ഇനി 34 ദിവസം മാത്രം ബാക്കി നിൽക്കെ കടുത്ത പോരാട്ടത്തിന് നിലമ്പൂർ ഒരുങ്ങുകയാണ്. ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ് സ്ഥാനാർഥിയാകുമെന്ന സൂചനയാണ് നിലനിൽക്കുന്നത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി വി.വി.പ്രകാശിന്‍റെ സ്ഥാനാർഥിത്വം അംഗീകരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന. എന്നാൽ സാംസ്ക്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അവസാന നിമിഷം സ്ഥാനാർഥിയാകാനുള്ള സാധ്യതയും തള്ളികളയാനാവില്ല. എൻ.ഡി.എയിൽ ബി.ഡി.ജെഎസിന് നറുക്ക് വീഴുമോ എന്നതും തീരുമാനമായിട്ടില്ല. മലപ്പുറം ജില്ലയിൽ വേനൽ ചൂട് ഉയരുമ്പോഴും അതിലും വലിയ രാഷ്ട്രീയ ചൂടിലാണ് നിലമ്പൂർ. സിറ്റിംഗ് എം.എൽ.എ പി.വി.അൻവറിനെ തന്നെ കളത്തിലിറക്കുമെന്ന് എൽ.ഡി.എഫ് വ്യക്തമാക്കുമ്പോഴും പി.വി.അൻവർ നാട്ടിലെത്തിയാൽ മാത്രമേ എൽ.ഡി.എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും പിരിമുറുക്കത്തിന് അയവ് വരൂ.
2016-ലെ പോലെ അത്ര എളുപ്പമാവില്ല ഇക്കുറി തെരഞ്ഞെടുപ്പ് എന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾക്ക് അറിയാം. ജില്ലയിൽ മുസ്ലിം ലീഗ്-കോൺഗ്രസ് ബന്ധം മുമ്പത്തേക്കാൾ ഏറെ സുതാര്യമാണ്. യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കില്‍ പാർട്ടിക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. അതിനാൽ ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിലും പ്രചരണ രംഗത്ത് സജീവമാകാൻ ലീഗ് പ്രാദേശിക നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
പഞ്ചായത്ത് തോറും കൺവെൻഷനും നടത്തി കഴിഞ്ഞു. എന്നാൽ ഇത് എത്രകണ്ട് ഫലപ്രദമാക്കുമെന്ന് ലീഗ് നേതൃത്വത്തിനും ആശങ്കയുണ്ട്. കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഭിന്നത ഉണ്ടാവാതിരിക്കാൻ നേതൃത്വവും ശ്രമം തുടങ്ങി കഴിഞ്ഞു. 2016-ലെ പരാജയത്തിന് മറുപടി നൽകാൻ ആര്യാടൻ ഷൗക്കത്തിന് ഒരവസരം കൂടി നൽകണമെന്ന ആവശ്യം മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് ഉൾപ്പെടെ ഉന്നയിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും സാമുദായിക സംഘടനകളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നതും ആര്യാടൻ ഷൗക്കത്തിന് തുണയാകുമെന്ന് ഈ പക്ഷം ചൂണ്ടികാട്ടുന്നു.
ഡിസിസി പ്രസിഡന്‍റ് എന്ന നിലയിൽ ജില്ലയിൽ യുഡിഎഫ് ബന്ധം കെട്ടുറപ്പുള്ളതാക്കി മാറ്റിയതാണ് വിവി പ്രകാശിന്‍റെ പ്രധാന രാഷ്ട്രീയ നേട്ടം. ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജില്ലയിൽ മികച്ച നേട്ടം ഉണ്ടാകാൻ കഴിഞ്ഞതും വി.വി.പ്രകാശിന് നേട്ടമാകും. ആര്യാടൻ ഷൗക്കത്തിന് ഇക്കുറി സീറ്റ് ലഭിച്ചില്ലെക്കിൽ ആര്യാടൻ മുഹമ്മദിനും അത് രാഷ്ട്രീയമായി തിരിച്ചടിയാകും. നിലമ്പൂരിലെ സ്ഥാനാർഥികളുടെ ചിത്രം തെളിയാൻ ഏതാനം ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.