മലപ്പുറം: ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പതിവായി നടത്തിയിരുന്ന സംഗീത പരിശീലനം മുടങ്ങിയതിന്‍റെ സങ്കടത്തിലായിരുന്നു ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിലെ വൃന്ദവാദ്യ സംഘം. സ്വയം പ്രാക്‌ടീസ് ചെയ്താല്‍ പുതിയ പാട്ടുകൾ എങ്ങനെ പഠിക്കാൻ പറ്റും? എല്ലാവരും ചേർന്ന് പ്രാക്‌ടീസ് ചെയ്യാതെ പാട്ടിന് എങ്ങനെ പൂർണത വരും? ഈ ചോദ്യങ്ങളാണ് കുട്ടി ഗായക സംഘത്തെ വിഷമത്തിലാക്കിയത്. ഒടുവിൽ സംഗീത ആല്‍ബം പുറത്തിറക്കാം എന്ന തീരുമാനവുമായി സംഘം ഓൺലൈനിൽ ഒത്തു കൂടി. സംഗീത വീഡിയോയ്ക്കായി ആദ്യം ബിഗിൽ എന്ന വിജയ് സിനിമയുടെ തീം സോങ്ങ് തെരഞ്ഞെടുത്തു. ഒരോരുത്തർക്കും അവരുടെ ഉപകരണങ്ങളിൽ വായിക്കേണ്ട ഭാഗവും വിഭജിച്ച് നൽകി. ജിനു - ഗിത്താർ, അനന്തു - തകിൽ, ഷൈൻ - ജാസ്ഡ്രം, ഷാൽവിൻ - റിഥംപാഡ്, മിഥുൻ -തബല, ലിജു - കാജോൺ, വിവേക്, ജസ്‌വിൻ - കീബോർഡ് എന്നിങ്ങനെ അവരവരുടെ ഭാഗത്തിന്‍റെ ഓഡിയോയും വീഡിയോയും മൊബൈലിൽ റെക്കോർഡ് ചെയ്ത് അയച്ചു നൽകി.
ടീമിന്‍റെ ട്രെയിനറും അധ്യാപകനുമായ സിംജോ വി. ജോർജും തന്‍റെ കീബോർഡുമായി സംഘത്തോടൊപ്പം ചേർന്നു. വീഡിയോ എഡിറ്റ് ചെയ്ത് അധ്യാപകന്‍റെ സഹോദരൻ വിനയും സംഘത്തിനെ പ്രോത്സാഹിപ്പിച്ചു. ടീം അംഗം വിവേകിന്‍റെ സഹായത്തോടെ വി ടൂ ക്രിയേഷൻസ് എന്ന യു ട്യൂബ് ചാനലിൽ വീഡിയോ റിലീസ് ചെയ്തതോടെ വീഡിയോ ആല്‍ബം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഓരോരുത്തരും വീട്ടിലിരുന്ന് സംഗീത ഉപകരണങ്ങളില്‍ സംഗീതമിട്ട് സ്വന്തം മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങളാണ് ആല്‍ബമായി മാറിയത്. ആല്‍ബം ചെയ്യാൻ മാതാപിതാക്കളും മാർത്തോമ സ്‌കൂളിലെ അധ്യാപികയായ പ്രിയ ജോർജും സഹായിച്ചതോടെ ലോക്ക്‌ഡൗണിനെ തുടർന്നുണ്ടായ ഗായക സംഘത്തിന്‍റെ ആശയം വൻ വിജയമായി.