മലപ്പുറം: മലപ്പുറം ജില്ല ട്രോമാകെയർ വളണ്ടിയർ തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു മരിച്ചു. തുവ്വൂർ പാറവെട്ടി അലവിയുടെ മകൻ ഹാരിസ് (31) ആണ് മരിച്ചത്. തുവ്വൂർ അക്കരകുളം വാഴയിൽ മീനാക്ഷിയുടെ വീട്ടുവളപ്പിലെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന തെങ്ങ് മുറിക്കുമ്പോഴാണ് അപകടമുണ്ടായത്.
കടപുഴകി വീണ തെങ്ങിനടിയിൽപ്പെട്ടാണ് ഹാരിസ് മരിച്ചത്. ഹാരിസ് തന്നെയാണ് തെങ്ങ് മുറിച്ചിരുന്നത്.ആദ്യം പാണ്ടിക്കാട്ടെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരം വെട്ട് തൊഴിലിൽ ഏർപ്പെടാറുള്ള ഹാരിസ് രണ്ടുവർഷത്തോളമായി ട്രോമാകെയർ കരുവാരകുണ്ട് സ്റ്റേഷൻ യൂണിറ്റിലെ സജീവ അംഗമായിരുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയ സമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഹാരിസ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു ശനിയാഴ്ച വരെയും. തുവ്വൂരിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.സുനുൽ ഫസീലയാണ് ഹാരിസിന്‍റെ ഭാര്യ.ആദി, ഹന്ന എന്നിവർ മക്കളാണ്.