മലപ്പുറം: കണി വെള്ളരിയില്ലാതെ മലയാളിക്ക് വിഷു ആഘോഷിക്കാനാകില്ല. അതുകൊണ്ട് തന്നെ നിരവധി കർഷകരാണ് വിഷു വിപണി ലക്ഷ്യമിട്ട് കണി വെള്ളരി കൃഷി ചെയ്യുന്നത്. പക്ഷേ കൊവിഡ് രോഗവ്യാപനവും ലോക് ഡൗണും വന്നതോടെ മലയാളിയുടെ വിഷു ആഘോഷം തന്നെ അവതാളത്തിലാണ്. അതോടെ വിഷു വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത കണി വെള്ളരിക്ക് ആവശ്യക്കാരില്ലാതായി. മികച്ച വിളവ് ലഭിച്ചിട്ടും വിപണി കണ്ടെത്താനാകാതെ ടണ്‍കണക്കിന് കണിവെള്ളരിയാണ് കരിഞ്ചാപ്പാടി പാടശേഖരത്ത് കെട്ടികിടക്കുന്നത്. വിദേശങ്ങളിലേക്കുൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്കാണ് വിഷുക്കാലത്ത് കണിവെള്ളരികൾ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ കൊറോണക്കാലം പ്രതീക്ഷകളെല്ലാം തകര്‍ത്തതോടെ കര്‍ഷകരും പ്രതിസന്ധിയിലായി.
പ്രളയ നഷ്‌ടത്തിൽ നിന്നും കരകയറാമെന്ന പ്രതീക്ഷയിലിറക്കിയ കൃഷിയാണ് കൊവിഡിന്‍റെ വരവോടെ കർഷകരെ നഷ്‌ടക്കയത്തിൽ എത്തിച്ചിരിക്കുന്നത്. ഉല്‍പ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ന്യായവില ലഭിക്കാനും സർക്കാര്‍ സഹായം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.