മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിക്കപ്പെട്ട വളാഞ്ചേരി പൈങ്കണ്ണൂര്‍ ചെറുകുന്ന് കോളനി ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. എല്‍.മുരുകന്‍ സന്ദര്‍ശിച്ചു. കോളനിവാസികള്‍ നല്‍കിയപരാതിയുടെ അടിസ്ഥാനൽ തെളിവെടുപ്പ് നടത്താനാണ് സന്ദർശനം നടത്തിയത്. ഉച്ചക്ക് രണ്ടുമണിയോടെ കോളനിയിലെത്തിയ അദ്ദേഹം ഒരുമണിക്കൂറോളം പ്രദേശവാസികളുമായി സംസാരിച്ചു. ഉദ്യോഗസ്ഥ-ഭരണകൂടങ്ങളില്‍ നിന്ന് തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓരോന്നായി കോളനിവാസികള്‍ കമ്മീഷനോട് പറഞ്ഞു.
കുടിവെള്ള പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാണമെന്ന് അദ്ദേഹം പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിദിനം ആറായിരം ലിറ്റര്‍ വെള്ളം വീതം ഉറപ്പുവരുത്തണം. സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കണം. കക്കൂസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ അങ്കണവാടി നവീകരിക്കണം. കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.