മലപ്പുറം: കാക്കിക്കുള്ളിലെ നന്മ മനസുമായി വേങ്ങര എസ്ഐ എൻ മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. നാട്ടുകാരുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണത്തിന് ഒരുങ്ങുകയാണ് വേങ്ങര എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം. ഇതിനായുള്ള അറിയിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ വൻ ജനപിന്തുണയാണ് പൊലീസിന് ലഭിക്കുന്നത്. വേങ്ങര സ്റ്റേഷൻ പരിധിയിലെ ഏത് വീടുകളിലും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും സഹായം എത്താത്തവരുടെയും വീടുകളിൽ വിളിച്ചാൽ അരമണിക്കൂറിനകം ശുചീകരണത്തിന് എത്തുമെന്നാണ് അറിയിച്ചത്.
ക്യാമ്പ് പ്രവർത്തിക്കാത്ത കൂരിയാട് മേഖലയില്‍ ഭക്ഷണം ഉൾപ്പെടെയുള്ള സഹായമെത്തിച്ചതും വേങ്ങര പൊലീസാണ്. വലിയോറ, പാണ്ടികശാല എന്നീ മേഖലകളിൽ ശക്തമായ മഴക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയത് മൂലം ആളപായം ഇല്ലാതാക്കാൻ പൊലീസിന് സാധിച്ചു. മബീതി, കൂരിയാട്, പറപ്പൂർ, കുഴച്ചാൽ, വലിയോറ, കുഴിപ്പുറം എന്നീ പ്രദേശങ്ങളിലും പൊലീസ് ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. വെള്ളം ഇറങ്ങിയ ഊരകം പ്രദേശത്ത് പൊലീസും നാട്ടുകാരും സന്നദ്ധസംഘടനകളും ശുചീകരണ പ്രവർത്തനം നടത്തി.