മലപ്പുറം: വെണ്ണേക്കോട് ബദൽ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാദത്തിനെതിരെ പഞ്ചായത്ത് അംഗം അച്ചാമ്മ ജോസഫ്. ബദൽ സ്ക്കൂൾ അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്നും അച്ചാമ്മ ജോസഫ് പറഞ്ഞു.
തിങ്കളാഴ്ച്ച നടന്ന ചാലിയാർ ഗ്രാമപഞ്ചായത്ത് വാർഡ് യോഗത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ നൽകാൻ കഴിയില്ലെന്നും കുട്ടികളെ വെണ്ണേക്കോട് ബദൽ സ്കൂളിൽ നിന്നും മാറ്റി അംഗനവാടിയിൽ പoന സംവിധാനം ഒരുക്കണമെന്നും സെക്രട്ടറി നിർദ്ദേശിച്ചത്.
ബദൽ സ്കൂളിലേക്കുള്ള സജീകരണങ്ങൾ നിർമ്മിക്കുന്നതിനും ശുചി മുറി നിർമ്മാണത്തിനും ഫണ്ട് അനുവദിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചു. എന്നാൽ വയറിംഗ് ഉൾപ്പെടെ നടത്തിയ ശേഷം ഇപ്പോൾ സ്കൂളിന് ഫിറ്റ്നസ് ഇല്ലെന്ന് സെക്രട്ടറി പറയുന്നു. ഇത് ഒരുക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണന്നും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സനും വാർഡ് അംഗവുമായ അച്ചാമ്മ ജോസഫ് പറഞ്ഞു. ഗ്രാമ പഞ്ചായത്താണ് സ്കൂളിലേക്കുള്ള കെട്ടിടം നിർമ്മിച്ചത് . തുടർന്ന് ബദൽ സ്കൂളിൽ വയറിംഗും നടത്തിയ ശേഷമാണ് ഈ വാദം ഉന്നയിക്കുന്നത്. കാട്ടുനായ്ക്കകോളനിയിലെ കുട്ടികൾ കഴിഞ്ഞ 20 വർഷമായി ബദൽ സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ 15 വർഷമായി അതേ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും അച്ചാമ്മ ജോസഫ് പറഞ്ഞു.
വാടക കെട്ടിടത്തിൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന അംഗനവാടിയിലേക്ക് ബദൽ സ്കൂൾ മാറ്റാനാണ് നിർദ്ദേശം. ഇത് അംഗികരിക്കാൻ കഴിയില്ല. ആദിവാസി കുട്ടികൾ പഠിക്കുന്ന ബദൽ സ്കൂൾ അടച്ച് പൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്നും അവർ പറഞ്ഞു. അതേസമയം ബദൽ സ്കൂൾ പൂട്ടിയാൽ തങ്ങളുടെ പoനം മുടങ്ങുമെന്ന് ബദൽ സ്കൂളിലെ വിദ്യാർഥിയായ സനൂപ് പറഞ്ഞു. തങ്ങൾക്ക് പഠനം പൂർത്തീകരിക്കാൻ വേറെ മാഗങ്ങളില്ലെന്നും ബദൽ സ്കൂൾ പൂട്ടരുതെന്നും സനൂപ് കൂട്ടിച്ചേർത്തു.