മലപ്പുറം: വണ്ടൂർ പാലിയേറ്റീവ് കെയർ ക്ലിനിക്കിന്‍റെ പ്രവർത്തനം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താളം തെറ്റുന്നു. മാസത്തിൽ 6 ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ധനവരവ് കുറവായതാണ് സാമ്പത്തിക പരാധീനതകൾക്ക് കാരണം.
നിലവിൽ ക്യാൻസർ ബാധിച്ച 68 രോഗികൾ, ശരീരം തളർന്ന 113 പേർ, പ്രായാധിക്യം കാരണം കിടപ്പിലായ 63 പേർ, 26 വൃക്കരോഗികൾ, മാനസിക അസ്വാസ്ഥ്യം ഉള്ള 112 പേർ, മറ്റ് രോഗങ്ങളാൽ വലയുന്ന 152 പേർ എന്നിങ്ങനെ 494 രോഗികളാണ് വണ്ടൂർ പാലിയേറ്റീവ് കെയർ ക്ലിനിക്കിനെ ആശ്രയിക്കുന്നത്.
READ MORE: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്,68 മരണം
നാല് ഡ്രൈവർമാർ, മൂന്ന് ഡോക്ടർമാർ, നാല് നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റ്, 2 സൈക്യാട്രിസ്റ്റുമാര്‍ എന്നിങ്ങനെ ജീവനക്കാരുമുണ്ട്. സൈക്യാട്രിസ്റ്റ് വിഭാഗത്തിലെ മരുന്നുകൾക്ക് മാത്രമായി ഒരു മാസം ഒരു ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. കൂടാതെ വാഹനങ്ങൾക്ക് പെട്രോൾ, സ്ഥാപനത്തിന്‍റെ കറണ്ട് ചാർജ് തുടങ്ങിയവയുമുണ്ട്. പാലിയേറ്റീവിന് കീഴിലുള്ള രോഗികൾക്ക് മരുന്നുകൾ ഭക്ഷണ കിറ്റുകൾ എന്നിവയും കൊടുക്കുന്നുണ്ട്.
READ MORE: കോഴിക്കോട് മെഡിക്കൽ കോളജില്‍ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചു
പാലിയേറ്റീവിന്‍റെ പ്രധാന വരുമാനം കടകളിൽ നിന്ന് ഉള്ളതും സന്നദ്ധ സംഘടനകൾ നൽകുന്നതും, സ്കൂളുകളിൽ നിന്നുള്ളതുമായ സംഭാവനകളായിരുന്നു. എന്നാൽ സ്കൂളുകൾ രണ്ടുവർഷമായി അടഞ്ഞു കിടക്കുന്നതിനാൽ ഈ വരുമാനം നിലച്ചു. അതുപോലെ കൊവിഡ് കാരണം കടകളിൽ നിന്നുള്ള വരുമാനവും കുറഞ്ഞു. ഇതോടെ സാമ്പത്തികമായി ഏറെ പ്രയാസത്തിലായിരിക്കുകയാണ് വണ്ടൂർ പാലിയേറ്റീവ് കെയർ ക്ലിനിക്ക്.