മലപ്പുറം: മത്സ്യമാര്‍ക്കറ്റ് അടച്ചിടാനുള്ള വളാഞ്ചേരി നഗരസഭയുടെ തീരുമാനത്തില്‍ ദുരിതത്തിലായി വ്യാപാരികള്‍. മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ അധികൃതര്‍ മാര്‍ക്കറ്റ് അടച്ചിടുന്നത്. ഇതോടെ അമ്പതോളം വരുന്ന മത്സ്യക്കച്ചവടക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമായി നടപ്പിലാക്കുന്ന ഐറിഷ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് മാലിന്യമൊഴുക്കുന്ന ഓടകള്‍ അടച്ചിട്ടത്. എന്നാല്‍ പിന്നീട് മാലിന്യപ്രശ്‌നം രൂക്ഷമാവുകയായിരുന്നു. ഇതോടെ മലിനജലം ഒഴുക്കിക്കളയാന്‍ മാര്‍ഗമില്ലാതെ വ്യാപാരികള്‍ ദുരിതത്തിലായി. മാര്‍ക്കറ്റിനോടനുബന്ധിച്ചുള്ള മലിനജല സംഭരണി നിറഞ്ഞുകവിഞ്ഞതും മാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നം രൂക്ഷമാക്കി. മാര്‍ക്കറ്റിലേക്ക് എത്തുന്ന നാട്ടുകാരും ദുര്‍ഗന്ധത്തില്‍ വീര്‍പ്പുമുട്ടി. ഇതിനിടയിലാണ് നഗരസഭ മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനമെടുത്തത്. ഓഗസ്റ്റ് ഒന്ന് മുതല്‍ വ്യാപാരം നിര്‍ത്തിവയ്ക്കാനാണ് നഗരസഭയുടെ നിര്‍ദേശം. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി അടച്ചിട്ട മാര്‍ക്കറ്റ് എപ്പോൾ തുറക്കുമെന്ന് നഗരസഭ ഇതുവരെയും അറിയിച്ചിട്ടില്ല. എന്തുചെയ്യണമെന്നറിയാതെ പ്രതിരോധത്തിലായിരിക്കുകയാണ് കച്ചവടക്കാര്‍.