മലപ്പുറം: പൊന്നാനിയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തി. കൊല്ലൻ പടിയിലെ സി.എഫ്.എൽ.ടി.സിക്ക് മുന്നിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ച സാഹചര്യത്തിൽ പൊന്നാനിയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഉടൻ തുറന്ന് പ്രവർത്തിക്കുക, കൊവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള കാലതാമസം പരിഹരിക്കാൻ നഗരസഭക്ക് കീഴിൽ ആമ്പുലൻസ് സർവ്വീസ് ആരംഭിക്കുക, ആന്‍റിജെൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചത്. പൊന്നാനി കൊല്ലൻ പടിയിലെ സി.എഫ്.എൽ.ടി.സിക്കായി ഏറ്റെടുത്ത എവറസ്റ്റ് ഓഡിറ്റോറിയത്തിന് മുന്നിലാണ് പ്രതിഷേധ പരിപാടി നടന്നത്. കൗൺസിലർമാരായ എം.പി.നിസാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, വി.ചന്ദ്രവല്ലി ,ആയിഷ അബ്ദു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.