മലപ്പുറം: എടക്കരയില്‍ കക്കൂസ് മാലിന്യം പുഴയില്‍ തള്ളിയ രണ്ട് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ ഇബ്രാഹിം ബാദുഷ (29), മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനെട്ടാം തീയതി പുലര്‍ച്ചെ കവളപ്പൊയ്‌ക പാലത്തിന് മുകളില്‍ കെട്ടി നിര്‍ത്തിയ വെള്ളത്തിലേക്കാണ് ഇവര്‍ മാലിന്യം നിക്ഷേപിച്ചത്. സമീപത്തെ നിരവധി കിണറുകളില്‍ ജലനിരപ്പ് താഴാതെ നിലനിര്‍ത്തുന്നതിനും ആളുകള്‍ കുളിക്കാനും ഉപയോഗിക്കുന്ന തടയണയാണിത്. മാലിന്യം നിക്ഷേപിച്ചതോടെ വെള്ളത്തിന് നിറം മാറ്റമുണ്ടാവുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്തു. കൂടാതെ പുഴയില്‍ കുളിക്കാനെത്തിയവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു. പ്രദേശവാസിയുടെ പരാതിയിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. 150ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്. വിജന പ്രദേശത്തെ തോട്ടത്തില്‍ ഒളിപ്പിച്ച ടാങ്കര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാരോക്കാവിലെ സ്വകാര്യ വ്യക്തിയുടെ ലോഡ്‌ജില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സമാനകേസുകളില്‍ പെട്ട് പെരിന്തല്‍മണ്ണ, മാവൂര്‍, പേരാമ്പ്ര സ്റ്റേഷനുകളില്‍ പിടിക്കപ്പെട്ട പ്രതികള്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.