മലപ്പുറം: കൊവിഡ് പശ്ചാതലത്തില്‍ അടച്ച് പൂട്ടിയ ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ടുകള്‍ തുറക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ജില്ലാ ടര്‍ഫ് ഫുട്ബോള്‍ അസോസിയേഷന്‍. എട്ട് മാസത്തിലധികമായി കോര്‍ട്ടുകള്‍ അടച്ചതോടെ ഉടമകള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. വാടകക്ക് പ്രവര്‍ത്തിക്കുന്ന ടര്‍ഫ് ഗ്രൗണ്ടുകള്‍ പണം കണ്ടെത്താന്‍ വഴിയില്ലാതെ കുഴങ്ങിയിരിക്കുകയാണെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പ്രതികരിച്ചു. പലരും ലോണെടുത്ത് തുടങ്ങിയ സംരംഭം പണം തിരിച്ചടക്കാനാകാതെ മുതലും പലിശയും കൂടി കുടിശ്ശികയായിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
നാലു വര്‍ഷമാണ് ടര്‍ഫിന്‍റെ കാലാവധി. കഴിഞ്ഞ സീസണ്‍ നഷ്ടപ്പെട്ടതോടെ വലിയ നഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്. കൂടാതെ കളി നടക്കാത്തതിനാല്‍, പല ടര്‍ഫുകളും കേടുവന്ന അവസ്ഥയിലാണെന്നും ടര്‍ഫുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമായ സാഹചര്യമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണത്താല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ ടര്‍ഫ് ഗ്രൗണ്ടുകള്‍ക്ക് അനുമതി നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.